സാമൂഹിക പെന്‍ഷന്‍:  ട്രഷറികള്‍ക്ക് വീണ്ടും ചുമതല    

കണ്ണൂര്‍: സര്‍ക്കാറിന്‍െറ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന്, സഹകരണ മേഖലയിലെ പ്രതിസന്ധി പരിഗണിച്ച്  ട്രഷറികളില്‍ പുതിയ അക്കൗണ്ട് തുടങ്ങാന്‍ ഉത്തരവായി. ഭാവിയിലെ നിയമപ്രശ്നം പരിഗണിച്ച് ജില്ല ബാങ്കുകളെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്നതാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ പുതിയ ഉത്തരവ്.  ജില്ല ബാങ്കിന് നേരിട്ട് തുക നല്‍കി വിതരണം ചെയ്യുന്നതിനുപകരം വീണ്ടും ട്രഷറികള്‍ വഴി നല്‍കുന്നതോടെ പുതിയ ത്രിതല അക്കൗണ്ടുകളും തുടങ്ങേണ്ടിവരും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വീണ കുരുക്കുകള്‍ പദ്ധതിയുടെ തുടര്‍ച്ചക്ക് തടസ്സമാവാതിരിക്കാനാണ് സാമ്പത്തിക വിദഗ്ധരുടെ നിയമോപദേശത്തെതുടര്‍ന്ന് പുതിയ ക്രമീകരണം.
 

ട്രഷറികള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം കാലങ്ങളായി മുടങ്ങിപ്പോയതിന് പരിഹാരമായിട്ടായിരുന്നു ജില്ല ബാങ്കുകള്‍ വഴി പ്രാഥമിക സഹകരണ സംഘങ്ങളെ കഴിഞ്ഞ തവണ ചുമതല ഏല്‍പിച്ചിരുന്നത്. 38.74 ലക്ഷം പേര്‍ക്ക് 3000 കോടിയാണ് ജില്ല ബാങ്കുകളും പ്രാഥമിക സംഘങ്ങളും വഴി രണ്ടുമാസം മുമ്പ് വിതരണം ചെയ്തത്. ജില്ല സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ തുക ലഭ്യമാക്കുന്നതിനുവേണ്ടി മാത്രം അഞ്ച് വ്യത്യസ്ത കറന്‍റ് അക്കൗണ്ടുകള്‍ തുറന്നിരുന്നു. ഇവ ഇനി ദുര്‍ബലമാവും.  കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അഗതി, അവിവാഹിത, വിധവ പെന്‍ഷനുകള്‍ വീട്ടില്‍ നേരിട്ടത്തെിക്കുന്ന പദ്ധതി ആഗസ്റ്റ് 23ന് തുടങ്ങി ഓണത്തിനുമുമ്പ് സെപ്റ്റംബര്‍ 10നകം മുഴുമിപ്പിച്ചിരുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തെ അടുത്ത  പെന്‍ഷനാണ് ട്രഷറികളില്‍ പുതിയ അക്കൗണ്ട് തുടങ്ങി വിതരണം ചെയ്യാന്‍ ഉത്തരവായത്. 

പുതിയ ഉത്തരവനുസരിച്ച് പഞ്ചായത്ത് വകുപ്പിലെ ഡി.ബി.ടി സെല്‍ ട്രഷറിയില്‍ സ്പെഷല്‍ ടി.എസ്.ബി അക്കൗണ്ട് തുടങ്ങും. ഇതിന്‍െറ ജില്ലകളിലെ നിര്‍വഹണത്തിന് ജില്ല ജോയന്‍റ് രജിസ്ട്രാര്‍ (ജനറല്‍) അതത് ജില്ല ട്രഷറികളിലും ടി.എസ്.ബി അക്കൗണ്ട് തുടങ്ങണം. പുതിയ സാഹചര്യത്തില്‍ ജോയന്‍റ് രജിസ്ട്രാര്‍മാര്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖ നല്‍കിയേ സ്പെഷല്‍ അക്കൗണ്ട് തുടങ്ങാനാവൂ.  പെന്‍ഷന്‍െറ ഗ്രാമതല വിതരണ ചുമതലയുള്ള സഹകരണ ബാങ്ക് സെക്രട്ടറിമാര്‍ അവരുടെ പരിധിയിലെ സബ്ട്രഷറിയിലും സ്പെഷല്‍ അക്കൗണ്ട് തുടങ്ങണം. ട്രഷറികളില്‍നിന്ന് പരസ്പരം ട്രാന്‍സ്ഫര്‍ ചെയ്ത് തുക വിതരണത്തിനത്തെും. 

കഴിഞ്ഞ തവണത്തെ വിതരണത്തിനുള്ള മറ്റ് എല്ലാ സന്നാഹങ്ങളും തുടരും. എന്നാല്‍, ജോയന്‍റ് രജിസ്ട്രാര്‍ ഓഫിസുകളില്‍ പുതിയ സംവിധാനം കാര്യക്ഷമമാക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള രണ്ട് വീതം ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കാനും പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചു.
പിണറായി സര്‍ക്കാറിന്‍െറ ആദ്യ ജനകീയ പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട വീടുകളില്‍ നേരിട്ടത്തെിക്കുന്ന സാമൂഹിക പെന്‍ഷന്‍ പദ്ധതിക്ക്, സഹകരണ മേഖലയിലെ പ്രതിസന്ധി കാരണം അനിശ്ചിതത്വം ഉണ്ടാവുമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍മാരും ചില ജില്ല ബാങ്കുകളും സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

Tags:    
News Summary - government pension scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.