എ.ഐ ചിത്രം
കൊച്ചി: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന വിവിധ പദ്ധതികളിൽ സ്വകാര്യ, സർക്കാർ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക 1800 കോടി കടന്നു. ഇതോടെ സാധാരണക്കാർക്ക് ആശ്വാസമായ പദ്ധതികളിൽ പലതിന്റെയും നടത്തിപ്പ് കടുത്ത പ്രതിസന്ധിയിലാണ്.
ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (എ.ബി.പി.എം.ജെ.എ.വൈ), കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്), കാരുണ്യ ബെനവലന്റ് ഫണ്ട് (കെ.ബി.എഫ്), ആരോഗ്യ കിരണം, രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ), ഹൃദ്യം, അമ്മയും കുഞ്ഞും എന്നീ പദ്ധതികളിലായി 1827.45 കോടിയുടെ കുടിശ്ശികയുള്ളതായി നാഷനൽ ഹെൽത്ത് മിഷനും സംസ്ഥാന ഹെൽത്ത് ഏജൻസിയും നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
ചികിത്സ ലഭ്യമാക്കിയതിന്റെ തുക ലഭിക്കാത്തതിനാൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും ഈ പദ്ധതികളുമായി സഹകരിക്കാൻ മടിക്കുകയാണ്. എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചെലവുകൾക്ക് ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സാമ്പത്തിക പരിരക്ഷ നൽകുന്ന പദ്ധതിയാണ് എ.ബി.പി.എം.കെ.എ.വൈ. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
ലോട്ടറി വിൽപന തുക ഉപയോഗിച്ച് നിർധന രോഗികൾക്ക് സഹായം നൽകുന്നതാണ് കെ.ബി.എഫ്. 18 വയസ്സിന് താഴെയുള്ളവരിലെ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ദേശീയ ആരോഗ്യ മിഷൻ നടപ്പാക്കുന്ന ‘ആർ.ബി.എസ്.കെ’, ഈ പദ്ധതിയുടെ പരിധിയിൽ വരാത്ത രോഗങ്ങൾക്ക് ഇതേ പ്രായപരിധിയിലുള്ളവർക്ക് ചികിൽസ ഉറപ്പാക്കുന്ന ‘ആരോഗ്യ കിരണം’, ഹൃദയ രോഗമുള്ള 18 വയസ്സിൽ താഴെയുള്ളവർക്കുള്ള ‘ഹൃദ്യം’, ഗർഭിണികൾക്കും ഒരു വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കും സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഒരുക്കുന്ന ’അമ്മയും കുഞ്ഞും’ പദ്ധതികളിലെല്ലാം വൻ തുക കുടിശ്ശികയുണ്ട്. ഇതോടെ, അർഹരായ അനേകർക്ക് പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്.
പൊതു ആശുപത്രികൾ
● എ.ബി.പി.എം.ജെ.എ.വൈ/
കാസ്പ്: 1092.82
● ആരോഗ്യ കിരണം: 17.62
● കാരുണ്യ ബെനവലന്റ് ഫണ്ട്: 229.15
സ്വകാര്യ ആശുപത്രികൾ
● എ.ബി.പി.എം.ജെ.എ.വൈ/ കാസ്പ്: 422.06
● കാരുണ്യ ബെനവലന്റ്
ഫണ്ട്: 6.95
സർക്കാർ, സ്വകാര്യ ആശുപത്രികൾ
● രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ
കാര്യക്രം, ഹൃദ്യം: 9.10
● അമ്മയും കുഞ്ഞും: 49.75
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.