കോട്ടയം: മുനമ്പം ഭൂപ്രശ്നം പരിശോധിച്ച് പരിഹാരം നിർദേശിക്കാൻ കമീഷനെവെച്ച് റിപ്പോർട്ട് വാങ്ങിയ സർക്കാർ പക്ഷേ, കമീഷന്റെ പ്രവർത്തനങ്ങൾക്കായി ചെലവായ തുകയും ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകിയില്ല! ആകെ 60,000 രൂപയാണ് സർക്കാർ ഇതുവരെ ചെലവാക്കിയത്. അതാകട്ടെ കമീഷന്റെ ഓഫിസ് കെട്ടിടത്തിന്റെ വാടകയാണ്. എന്നാൽ, ഓഫിസിന്റെ പ്രവർത്തനച്ചെലവ്, ജീവനക്കാരുടെ യാത്രകൾ, സിറ്റിങ്ങുകൾ, ഭക്ഷണം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ തുകയാണ് അനുവദിക്കാത്തത്.
ഹൈകോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്സിങ് ചീഫ് സെക്രട്ടറി ഓഫിസിന് നൽകിയ വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങൾ. കമീഷനിൽ പ്രവർത്തിച്ചവർക്ക് ശമ്പളം നൽകാൻ ഉത്തരവുണ്ടെങ്കിലും സാങ്കേതികപ്രശ്നം മൂലം നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, സാങ്കേതികപ്രശ്നം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
സിറ്റിങ്ങിനും യാത്രാബത്തക്കും ഇതുവരെ തുക അനുവദിച്ചിട്ടില്ല. ഹൈകോടതി റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ നായരെ കഴിഞ്ഞവർഷം നവംബർ 27നാണ് കമീഷനായി നിയോഗിച്ചത്. മേയ് അവസാനം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മേയ് 17ന് കമീഷൻ സിറ്റിങ്ങിനും യാത്രക്കുമുള്ള പണം അനുവദിക്കാൻ സർക്കാർ ഉത്തരവുമിട്ടു. കമീഷൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ ശമ്പളം വാങ്ങിയിട്ടില്ല. എന്നാൽ, കമീഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് സർക്കാർ നൽകാത്തത്. വിവിധ ദിവസങ്ങളിൽ സിറ്റിങ് നടത്തി വഖഫ് ബോർഡിന്റെയും സമരം ചെയ്യുന്നവരുടെയും ഉൾപ്പെടെ മൊഴിയെടുത്ത ശേഷമാണ് കമീഷൻ 70 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.