സർക്കാർ സ്കൂളുകൾ പൂട്ടുന്നുവെന്ന വാർത്ത വ്യാജം; വി. ശിവൻകുട്ടി

തിരുവനന്തപുരം: സർക്കാർ സ്കൂളുകൾ പൂട്ടുന്നുവെന്ന വാർത്ത വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സർക്കാർ അറിയാതെ സ്കൂളുകൾ പൂട്ടാനാവില്ല. ഏതെങ്കിലും തരത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അത്തരത്തിൽ ഏതെങ്കിലും സ്കൂൾ പൂട്ടിയിട്ടുണ്ടെങ്കിൽ അത് തുറക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ചിലയിടങ്ങളിൽ എങ്കിലും കുട്ടികൾ തീരെ വരാത്തതിനാൽ  സ്വയം ഇല്ലാതാകുന്ന അവസ്ഥ ഉണ്ട്. 1959 മുതലുള്ളതാണ് ഈ അവസ്ഥ. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ സ്‌കൂളുകൾ തുടങ്ങുന്നതിനും കുട്ടികൾ ഇല്ലെങ്കിൽ അടക്കുന്നതിനുമുള്ള വകുപ്പുകളുണ്ട്. ഇക്കാര്യങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ച് നടപടിയെടുക്കും.

കണ്ണൂർ ജില്ലയിലെ മേലൂർ ജൂനിയർ ബേസിക് സ്‌കൂളിൽ അഞ്ചിൽ താഴെ മാത്രം കുട്ടികളാണുണ്ടായിരുന്നത്. 2023ൽ അവിടെ പഠിച്ചിരുന്ന ആറ് കുട്ടികളും തൊട്ടടുത്ത എയിഡഡ് സ്‌കൂളിൽ ചേർന്നു. കുട്ടികൾ ആരും ഇല്ലാത്തതിനാൽ പ്രസ്തുത സ്‌കൂൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതേ സ്ഥിതി തന്നെയായിരുന്നു പരിമഠം എൽ.പി. സ്‌കൂളിൽ ഉണ്ടായത്. അഴീക്കോട് ഈസ്റ്റ് എൽ.പി.എസിൽ 2022 ഇതേ അവസ്ഥ തന്നെയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ യു.ഡി.എഫ് സർക്കാർ കോഴിക്കോട് പട്ടണത്തിൽ അമ്പത്തിയാറ് കുട്ടികൾ പഠിച്ചിരുന്ന മലാപറമ്പ് എ.യു.പി. സ്‌കൂൾ അടച്ചു പൂട്ടാൻ തീരുമാനിക്കുകയും ഇരുളിന്റെ മറവിൽ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ഒത്താശ ചെയ്യുകയും ചെയ്തു. ലാഭകരമല്ലെന്നു പറഞ്ഞ് പൂട്ടാനുള്ള 1400 സ്കൂളുകളുടെ പട്ടികയും യു.ഡി.എഫ് സർക്കാർ തയ്യാറാക്കി. ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി യു.ഡി.എഫ്. സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നു.

ഇതുപോലെ കോഴിക്കോട് എ.യു.പി.എസ്. പാലാട്ട്, മലപ്പുറം ജില്ലയിൽ 67 കുട്ടികൾ പഠിച്ചിരുന്ന എ.എൽ.പി.എസ്. മാങ്ങാട്ടുമുറി, തൃശ്ശൂർ ജില്ലയിലെ പി.എം.എൽ.പി.എസ് കിരാലൂർ എന്നിവ അടച്ചു പൂട്ടാൻ യു.ഡി.എഫ്. സർക്കാർ ഉത്തരവിടുകയുണ്ടായി. പക്ഷേ കേരള ജനത അതിനെ ചെറുത്തു തോൽപ്പിക്കുകയാണ് ഉണ്ടായത്.എന്നാൽ 2016 ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ യു.ഡി.എഫ്. സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കുകയും പൂട്ടാൻ തീരുമാനിച്ച സ്‌കൂളുകൾ എല്ലാം ഏറ്റെടുക്കുകയും ചെയ്തു.

പൊതുവിദ്യാലയങ്ങൾ അടച്ചു പൂട്ടേണ്ടവ അല്ലെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന ഇടതുപക്ഷ നയവും സർക്കാർ ഖജനാവിൽ സമ്പത്തില്ല എന്നും അതിനായി പൊതുപണം ചെലവഴിക്കില്ലെന്നും നിലപാട് എടുത്ത യു.ഡി.എഫ്. നയങ്ങളും തിരിച്ചറിയാൻ കേരള സമൂഹത്തിന് കഴിയുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - government-closing-schools-is-a-false-propaganda-minister-v-sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.