പാലക്കാട്: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കമാകുമ്പോൾ 2023ലെ ‘എന്റെ കേരളം’ എക്സിബിഷനിൽ അനെർട്ട് സ്റ്റാൾ നടത്തിപ്പുമായി ബന്ധപ്പെട്ട ലക്ഷങ്ങളുടെ അഴിമതി പുറത്ത്. നിയമസഭയിൽ 2024 ഒക്ടോബർ എട്ടിന് വൈദ്യുതി മന്ത്രി നൽകിയ മറുപടിയിലെ രേഖകളാണ് ക്രമക്കേട് വെളിപ്പെടുത്തുന്നത്. ടെൻഡർ നടപടികളിലെ ക്രമക്കേടിനു പുറമെ ഓരോ ജില്ലക്കും 100 ചതുരശ്ര അടി മാത്രമുള്ള പവിലിയൻ തയാറാക്കാൻ 2.75 ലക്ഷം രൂപ നീക്കിവെച്ചതിലും അധികൃതർക്കെതിരെ സംശയമുയരുകയാണ്.
മേളയിൽ പങ്കെടുക്കുന്നതിന് 2023 മാർച്ച് ഒമ്പതിനുതന്നെ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ അനുമതി നൽകിയിട്ടും മാർച്ച് 28നു മാത്രമാണ് പവിലിയൻ തയാറാക്കാൻ അനെർട്ട് ടെൻഡർ ക്ഷണിച്ചത്. എസ്റ്റിമേറ്റ് തുക കാണിച്ചിട്ടുണ്ടായിരുന്നുമില്ല. ടെൻഡർ ക്ഷണിക്കാനുള്ള അനുമതി അനെർട്ട് സി.ഇ.ഒ നൽകിയത് മാർച്ച് 28ന് വൈകീട്ട് അഞ്ചിനാണെന്ന് നിയമസഭ വെബ്സൈറ്റിലെ രേഖകൾ വെളിപ്പെടുത്തുന്നു. എന്നാൽ, ടെൻഡർ രേഖയിൽ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും മാർച്ച് 28ന് ഉച്ചക്ക് 12നാണെന്നാണ് കാണിച്ചിരിക്കുന്നത്. ടെൻഡർ രേഖയിൽതന്നെ മറ്റൊരു ഭാഗത്ത് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 30നാണെന്നും സമയം കാണിക്കാതെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉന്നതരുടെ അറിവോടെ മുൻകൂട്ടിയുള്ള ആസൂത്രണം നടപടിക്കു പിന്നിലുണ്ട് എന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽചൂണ്ടുന്നത്.
ടെൻഡറിൽ രണ്ടു സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇതിൽ തൃശൂരിലെ സ്ഥാപനത്തിനാണ് വർക്ക് ഓർഡർ നൽകിയത്. വെറും 100 ചതുരശ്ര അടി പവിലിയനായി ഓരോ ജില്ലക്കും 2,75,000 രൂപ വീതം അനുവദിച്ചു. ആകെ 38.50 ലക്ഷം രൂപ ഈ ഇനത്തിൽ അനെർട്ട് ചെലവിട്ടു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് മേളക്കുള്ള സ്റ്റാൾ തയാറാക്കാനുള്ള സൗകര്യം ഒരുക്കിയത്. സ്റ്റാളിനാവശ്യമായ ഫർണിച്ചർ സംഘാടകരാണ് നൽകിയത്.
എന്നാൽ, ഈ കാര്യങ്ങൾ പരിശോധിക്കാതെയാണ് അനെർട്ട് ടെൻഡർ ക്ഷണിച്ചത്. അതിനാൽ ഇതിൽ ഉൾപ്പെടുത്തിയിരുന്ന പല ഇനങ്ങളും ടെൻഡർ ലഭിച്ച സ്ഥാപനത്തിന് നിർവഹിക്കേണ്ടിവന്നില്ല. കൂടാതെ, ഒരു ജില്ലയിൽ സ്ഥാപിച്ച അതേ സാമഗ്രികൾതന്നെയാണ് മറ്റു ജില്ലകളിലെ പരിപാടിയിലും എത്തിച്ചിരുന്നത്.
43,75,556 രൂപയാണ് 2023ൽ എക്സിബിഷനുകളുമായി ബന്ധപ്പെട്ട് അനെർട്ട് ചെലവഴിച്ചത്. ഇതേ പരിപാടി 2022ൽ സംഘടിപ്പിച്ചപ്പോൾ 5,55,799 രൂപ മാത്രമാണ് ആകെ ചെലവായത്.
തുക അനുവദിച്ചതിന്റെ ഫയലുകളുടെ പകർപ്പ് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും വൈദ്യുതി മന്ത്രി ഫയലുകളുടെ പകർപ്പ് ഉൾപ്പെടുത്താതെയാണ് മറുപടി നൽകിയത്. കഴിഞ്ഞ വർഷം മന്ത്രിസഭ വാർഷികാഘോഷങ്ങൾ നടന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.