റൈഷ ഗൈസും റെന്ന അമീനയും

കൂട്ടുകാരികളായി തുടങ്ങി, ജേതാക്കളായി മടങ്ങി; ഇരട്ടനേട്ടവുമായി അരീക്കോട് സുല്ലമുസ്സലാം

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യമത്സരത്തിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ട നേട്ടം. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഒരേ ഇനത്തിൽ ഒരേ സ്കൂളിലെ രണ്ട് വിദ്യാർഥിനികൾ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ചത്.

പ്ലസ് ടു വിദ്യാർഥിനിയായ റൈഷ ഗൈസും എട്ടാം ക്ലാസ് വിദ്യാർഥിനിയായ റെന്ന അമീനയും കൂട്ടുകാരികളായി ചേർന്നാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി അറബി പദ്യത്തിൽ സംസ്ഥാനതല വിജയം നേടിയിട്ടുള്ള മുതിർന്ന വിദ്യാർഥിനിയുടെ അനുഭവവും പരിശീലനവുമാണ് റെന്ന അമീനയെ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന ജേതാവാക്കാൻ സഹായകമായത്. ഒരേ സ്കൂളിലെ രണ്ട് തലമുറകളിലെ വിദ്യാർഥിനികൾ ഒരേ വേദിയിൽ മികവ് തെളിയിച്ചുവെന്നതാണ് ഇതിന്‍റെ സവിശേഷത.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച വിദ്യാർഥിനി മുൻ വർഷങ്ങളിൽ അറബി പദ്യം മാത്രമല്ല, അറബി–ഉർദു–മലയാളം സംഘഗാനം ഉൾപ്പെടെ നിരവധി ഇനങ്ങളിൽ സംസ്ഥാന തലത്തിൽ സുല്ലമുസ്സലാമിലെ വിദ്യാർഥികൾ വിജയം നേടിയിട്ടുണ്ട്. ഈ നേട്ടങ്ങളാണ് സ്കൂളിനെ സംസ്ഥാന കലോത്സവ വേദിയിൽ തുടർച്ചയായി ശ്രദ്ധേയമാക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ അറബി പദ്യം നസീർ ചെറുവാടിയും ഹൈസ്കൂൾ വിഭാഗത്തിലെ പദ്യം മൊയ്തു വാണിമേൽ മാഷുമാണ് രചിച്ചത്.

ഇരുവരുടെയും കലാപരിശീലനത്തിനും സംഗീതയാത്രക്കും മാർഗനിർദേശം നൽകിയത് വൈറൽ ഗായകനായ ഹക്കീം പുൽപ്പറ്റയാണ്. ഫലസ്തീനിലെ ജനങ്ങളുടെ ദുരിതങ്ങളും യുദ്ധത്തിന്റെ വേദനകളും ആസ്പദമാക്കി അവതരിപ്പിച്ച പദ്യങ്ങൾ വേദിയിൽ ഹൃദയസ്പർശിയായ അനുഭവമായി. അവതരണം ഫലസ്തീന് വേണ്ടിയുള്ള പ്രാർഥനയായി മാറിയത് കാണികളെയും വിധികർത്താക്കളെയും ഒരു പോലെ ആഴത്തിൽ സ്പർശിച്ചു.

ഇതോടൊപ്പം, റെന്ന അമീന അറബി സംഘഗാന മത്സരത്തിലും ജേതാവായതോടെ കലോത്സവ വേദിയിൽ ഇരട്ട വിജയം സ്വന്തമാക്കി. സ്റ്റേജിലെ ആത്മവിശ്വാസവും അവതരണത്തിലെ പക്വതയും പ്രത്യേകം ശ്രദ്ധേയമായി. രണ്ട് വിദ്യാർഥിനികൾക്കും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശക്തമായ പിന്തുണ ലഭിച്ചതാണ് ഈ നേട്ടത്തിന് പിന്നിൽ.

Tags:    
News Summary - Started as friends, returned as winners; Areekode Sullamussalam achieves a double feat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.