ആദിവാസി നഗറുകൾ വൈദ്യുതീകരിക്കുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും, കുടിശ്ശിക സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ആദിവാസി നഗറുകളിലും വെളിച്ചമെത്തിക്കാനുള്ള പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ആദിവാസി മേഖലകളിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളുവും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ ആദിവാസി നഗറുകളുടെ വൈദ്യുതീകരണത്തിലെ പുരോഗതി വിലയിരുത്താനായി കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ശേഷിക്കുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നിർദേശം നൽകി. 2021ൽ നടത്തിയ പരിശോധനയിൽ 102 ആദിവാസി നഗറുകൾ കൂടി വൈദ്യുതീകരിക്കാൻ അവശേഷിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ 62 എണ്ണത്തിൽ കെ.എസ്.ഇ.ബി ഗ്രിഡ് വഴിയും 40 എണ്ണത്തിൽ അനർട്ട് മുഖേന സോളാർ വഴിയും വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

ഗ്രിഡ് വൈദ്യുതീകരണം നിശ്ചയിച്ച 62 മേഖലകളിൽ 19 ഉന്നതികൾ പുനരധിവാസം നിർദേശിക്കപ്പെട്ടവയായതിനാൽ അവിടെ നിലവിൽ വൈദ്യുതീകരണം ആവശ്യമില്ലെന്ന് പട്ടികവർഗ വികസന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഗ്രിഡ് വഴി വൈദ്യുതീകരിക്കേണ്ട 43 ഉന്നതികളിൽ 35 എണ്ണത്തിലും കെ.എസ്.ഇ.ബി ഇതിനകം പ്രവൃത്തികൾ പൂർത്തിയാക്കി. ബാക്കിയുള്ള എട്ടു ഉന്നതികൾ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ആണ്ടവൻകുടി, അമ്പലപ്പടിക്കുടി, കണ്ടത്തിക്കുടി എന്നീ മൂന്ന് ഉന്നതികളിലെ പ്രവർത്തനങ്ങൾ ഫെബ്രുവരി 15നകം പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. ശേഷിക്കുന്ന 5 ഉന്നതികളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി 29 കിലോമീറ്റർ ഭൂഗർഭ കേബിൾ ലൈനും അനുബന്ധ ജോലികളും ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കാനും മന്ത്രിമാർ കർശന നിർദേശം നൽകി.

ഇടുക്കി ജില്ലയിലെ ആദിവാസി ഉന്നതികളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനായി അടിമാലി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. കൂടാതെ, കുടിശ്ശിക മൂലം വൈദ്യുതി വിച്ഛേദിക്കപ്പെട്ട പട്ടികവർഗ കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനവും യോഗത്തിലുണ്ടായി. ഇത്തരത്തിലുള്ള കണക്ഷനുകളിൽ 30.09.2025 വരെ ഉണ്ടായിരുന്ന കുടിശ്ശിക സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ, വീടുകളിലെ വയറിങ് ക്രമീകരണങ്ങൾ പൂർത്തിയാക്കി ഈമാസം 30നകം അപേക്ഷ നൽകാൻ പട്ടികവർഗ വികസന വകുപ്പിനെ ചുമതലപ്പെടുത്തി.

അപേക്ഷ ലഭിക്കുന്ന മുറക്ക് കണക്ഷനുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ കെ.എസ്.ഇ.ബി സ്വീകരിക്കും.

Tags:    
News Summary - The work of electrifying tribal towns will be completed on a war footing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.