അറക്കൽ നന്ദകുമാറിനൊപ്പം ഗായിക രാധികയും മകൻ രോഹിതും പ്രധാന വേദിക്കരികെ
തൃശൂർ: സ്കൂൾ കലോത്സവ വേദികളിൽ ലളിതഗാനത്തിന്‍റെ ഗതി മാറ്റിയെഴുതിയ ‘മൃദുമന്ദഹാസം’ എന്നാരംഭിക്കുന്ന ലളിതഗാനത്തിന് മുപ്പത് വയസ്സ് പിന്നിട്ടു.1996ലാണ് ഈ ഗാനം ആദ്യമായി കലോത്സവ വേദിയിലെത്തുന്നത്. ലളിതഗാന ശാഖയിൽ അർധ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അരങ്ങ് വാഴുമ്പോഴാണ് തീർത്തും ലളിതമായുള്ള മൃദുമന്ദഹാസം രംഗത്തെത്തുന്നത്. പിന്നീടങ്ങോട്ട് ഈ ഗാനമാലപിച്ച് വിജയികളാവാത്തവർ നന്നെ വിരളമാണ്.
തൊടുപുഴയിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ തുടർച്ചയായി ആറ് പേരാണ് ഈ ഗാനം ആലപിച്ചത്. പൂമരം എന്ന സിനിമയിൽ കെ.എസ്. ചിത്ര ആലപിച്ചിരുന്നു. കഴിഞ്ഞ വർഷം കലോത്സവമായപ്പോഴേക്കും സിനിമ ഗാനമെന്ന ഗണത്തിലേക്ക് ചിലരൊക്കെ ഈ പാട്ടിനെ തള്ളിവിട്ടു. ഇതോടെ ലളിതഗാനമായി അംഗീകരിച്ചില്ലെങ്കിലോയെന്ന ആധിയിലായി മത്സരാർഥികൾ.
ഗായിക രാധികയും മകൻ രോഹിതും
ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയത് അറക്കൽ നന്ദകുമാറാണ്. ഇദ്ദേഹത്തിന്‍റെ ഗാനങ്ങളില്ലാതെ മൂന്ന് പതിറ്റാണ്ടായി ഒരു കലോത്സവവും കടന്ന് പോയിട്ടില്ല. ഈ വർഷവും ‘നിറമാല ചാർത്തും നിളയുടെ തീരത്ത്’ എന്ന ഗാനം പാടി മലപ്പുറം അരീക്കോട് ജി.എച്ച്.എസ്.എസിലെ രോഹിത് കൃഷ്ണ എ ഗ്രേഡ് നേടി.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്‍റ് ഫൈൻ ആർട്സിൽ അധ്യാപകനായ അറക്കൽ നന്ദകുമാർ പാലക്കാട് ചെമ്പൈ, ചിറ്റൂർ സംഗീത കോളജുകളിലും അധ്യാപകനായിരുന്നു. ഗാനരചന, സംഗീതം, ആലാപനം എന്നീ മൂന്ന് വിഭാഗത്തിലും ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റുമാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.