നെയ്യാറ്റിൻകര: ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിംകൾക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്നുവെന്ന് മകൻ സനന്ദന്. വൈകാരികമായി നടത്തിയ പ്രതികരണമാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്ദന് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഗോപൻ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത് മുസ്‍ലിംകളാണെന്നാണ് മകൻ സനന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇത്രയും പ്രശ്നങ്ങൾ വരാനുള്ള കാരണമെന്തെന്ന് ഇതുവരെയും അന്വേഷിച്ചിട്ടില്ല. 99 ശതമാനം പ്രശ്നമുണ്ടാക്കിയ ആൾക്കാർ മുസ്‍ലിംകൾ തന്നെയാണ്. അവരാണ് കൂടുതൽ പ്രശ്നമുണ്ടാക്കിയതെന്നും സനന്ദൻ ചൂണ്ടിക്കാട്ടി.
സമാധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് ഉത്തരം പറയാമെന്നായിരുന്നു സനന്ദന്‍റെ മറുപടി. പരാതി നൽകിയിരിക്കുന്നത് വിശ്വംഭരനും യേശുദാസനും ഉൾപ്പെടെ വിവിധ ജാതി മതസ്ഥരല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സനന്ദന് മറുപടി ഉണ്ടായിരുന്നില്ല. വിശ്വംഭരൻ തങ്ങളുടെ ശത്രു തന്നെയാണെന്നായിരുന്നു ഇതിനോടുള്ള പ്രതികരണം.
ഇല്ലാത്ത കഥകളെല്ലാം കെട്ടിച്ചമച്ച് വിശ്വംഭരൻ സ്റ്റേഷനിൽ പരാതി കൊടുക്കാനുള്ള കാരണം ക്ഷേത്രത്തിന്റെ സമീപത്ത് കൂടി വഴി കൊടുക്കാത്തത് കൊണ്ടാണ്. വിശ്വംഭരൻ പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോടതി ഉത്തരവിടുന്ന പക്ഷം പൊളിക്കാനായി പൊലീസ് വന്നാൽ അനുവദിക്കുമോ എന്ന ചോദ്യത്തിനും ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് പറയാമെന്നാണ് സനന്ദന്റെ മറുപടി നൽകിയിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഗോപൻ സമാധിയായി എന്നാണ് ഭാര്യയും മക്കളും അവകാശപ്പെട്ടിരുന്നത്. രഹസ്യമായി കോൺക്രീറ്റ് കല്ലറക്കുള്ളിൽ മൃതദേഹം മറവ് ചെയ്തതോടെയാണ് മരണം സംബന്ധിച്ച് അയൽവാസികൾക്ക് സംശയം ഉയരുന്നത്. തുടർന്ന് വിശ്വംഭരൻ എന്ന ആൾ ഗോപനെ കാൺമാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, ഹൈകോടതി ഇടപെടലിനെ തുടർന്ന് കനത്ത പൊലീസ് ബന്തവസിൽ ജില്ല ഭരണകൂടം വ്യാഴാഴ്ച രാവിലെ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് വീണ്ടും സമാധിയിരുത്തി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതിന് പിന്നാലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായി വീട്ടിലെത്തിച്ചാണ് മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ സമാധിയിരുത്തിയത്. പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിർമിച്ചു. 'ഋഷി പീഠം' എന്നാണ് പുതിയ സമാധി സ്ഥലത്തിന് പേര് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.