തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു. വ്യാഴാഴ്ച പൊളിച്ച കല്ലറക്ക് പകരം പുതിയത് നിർമിച്ചായിരുന്നു ചടങ്ങുകൾ. സന്യാസിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ സ്വാമിയുടെ രണ്ട് മക്കളും പങ്കെടുത്തു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പദയാത്രയായാണ് പകൽ12 മണിയോടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾക്കുശേഷം വൈകീട്ട് ആറുമണിയോടെയായിരുന്നു സംസ്കാരം. പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിര്‍മിച്ചിരുന്നു. ചടങ്ങിൽ വിഷ്ണുപുരം ചന്ദ്രശേഖരൻ അടക്കമുള്ള ഹിന്ദു സംഘടനാ നേതാക്കളും പങ്കെടുത്തു.
വ്യാഴാഴ്ച അതിരാവിലെയാണ് കല്ലറ പൊളിച്ച് ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു ഇത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക ഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ളത്. ദുരൂഹത നീങ്ങാൻ മൂന്ന് ആന്തരികാവയവ പരിശോധനാഫലങ്ങള്‍ കൂടി വന്നാലേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് നടപടികൾ നിയമാനുസൃതമായിരുന്നെന്നും നെയ്യാറ്റിൻകര സി.ഐ പറഞ്ഞു.
ഫോറന്‍സിക്, കെമിക്കൽ അനാലിസിസ്, ഹിസ്റ്റോ പത്തോളജിക്കൽ റിപ്പോര്‍ട്ടുകളാണ് കിട്ടാനുള്ളത്. ഗോപൻ സ്വാമിയുടെ മകന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് സമാധി തുറന്നു പരിശോധിക്കാൽ തീരുമാനിച്ചത്. അന്വേഷണം അവസാനിച്ചിട്ടില്ല. മകന്റേതടക്കം ഇനിയും മൊഴികൾ രേഖപ്പെടുത്തും. കുടുംബത്തെ പൊലീസ് വേട്ടയാടിയിട്ടില്ലെന്നും സി.ഐ പറഞ്ഞു.
അതേസമയം, ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സമാധിയായി എന്ന മക്കളുടെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.