ഗുണ്ട-ലഹരി വിളയാട്ടം; നിസ്സംഗതയോടെ പൊലീസ്

കൊച്ചി: ഓപറേഷൻ തൂഫാൻ കെങ്കേമമായി നടക്കുമ്പോഴും നഗരത്തിൽ ബസ് ജീവനക്കാരും ഓട്ടോക്കാരുമടക്കം പ്രതികളായ അക്രമങ്ങൾ വർധിക്കുന്നു. ലഹരി-സൈബർ കേസുകളിലടക്കം പൊലീസ് നിസ്സംഗതപുലർത്തുന്നതായാണ് ആരോപണം. നഗരത്തിൽ അമിതവേഗത്തിലും ലഹരി ഉപയോഗിച്ചും വാഹനമോടിച്ച് അപകടങ്ങളുണ്ടാകുന്നത് പതിവാണ്.

ഒരുമാസം മുമ്പ് പാലാരിവട്ടം ദേശാഭിമാനി ജങ്ഷനടുത്ത് ബസ് നിർത്തി ആളെയിറക്കുമ്പോൾ ഹോണടിച്ചെന്ന പേരിൽ ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തുകയും ഡ്രൈവറെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കേസിൽ കണ്ണൂർ സ്വദേശി അൻസാറിനെ രണ്ടുദിവസം മുമ്പാണ് പിടികൂടിയത്. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് കലൂരിൽ കാർ യാത്രക്കാരനെയും കുടുംബത്തെയും മദ്യലഹരിയിൽ ഇയാൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. പിന്നീട് ദൃശ്യങ്ങൾ മൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നായിരുന്നു എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

പിടികൂടാനെത്തിയ പൊലീസുകാർക്കെതിരെ പ്രതി അക്രമം നടത്തിയിട്ടും നിസ്സാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നത്രേ. അതേസമയം, ഇയാളെ പിടികൂടാനെത്തിയ എറണാകുളം നോർത്ത് എ.എസ്.ഐ സുനിലിനെ അക്രമിച്ച കേസിലും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സമാനമായ പല കേസുകളും ഇയാൾക്കെതിരെയുള്ളതായി പൊലീസ് പറഞ്ഞു. ഇതൊന്നും ഉൾപ്പെടുത്താതെ അൻസാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച എറണാകുളം നോർത്ത് പൊലിസ് നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു. സമാനമായ പരാതിയിലാണ് ഇയാളെ കാക്കനാട് ഭാഗത്ത് കാർ യാത്രികനെ ഭീഷണിപ്പെടുത്തിയ കേസിൽ വീണ്ടും അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 22ന് വൈകീട്ട് 5.15ഓടെ വഴക്കാല ഭാഗത്തുവെച്ചുണ്ടായ സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. അസഭ്യംപറഞ്ഞതിനും വഴി തടസ്സപ്പെടുത്തിയതിനുമാണ് കേസ്.

പൊലീസ് നിസ്സംഗതയിൽ പ്രതിഷേധം

സംഭവത്തിൽ പൊലീസുകാർക്കിടയിലും പ്രതിഷേധം രൂക്ഷമായതിനെത്തുടർന്നാണ് അൻസാറിനെതിരെ കേസെടുത്തതെന്ന് ആക്ഷേപമുണ്ട്. ഇത്തരം ജീവനക്കാർക്കെതിരെ നടപടിയടുക്കാതിരിക്കുന്നതിൽ പൊലീസിന് എന്തെങ്കിലും താൽപര്യമുണ്ടോയെന്നും സംശയിക്കുന്നു. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലും തൃക്കാക്കര പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ അലസത കാണിക്കുന്നെന്നും ആക്ഷേപമുണ്ട്.

നടുറോഡിൽ ബസ് തടഞ്ഞുനിർത്തി യാത്രക്കാരുമായി സംഘർഷമുണ്ടാക്കിയ ഡ്രൈവറെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ‘ഷഹാന’ ബസ് ഡ്രൈവർ തേവയ്ക്കൽ സ്വദേശി മൻസൂറിനെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി പോസ്റ്റ് ഓഫിസിനു സമീപമായിരുന്നു സംഭവം. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഓട്ടോക്കാരും കലിപ്പിൽ

കഴിഞ്ഞയാഴ്ചയാണ് ഇടതുവശത്തുകൂടി വഴി കൊടുത്തില്ലെന്നു പറഞ്ഞ് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ബസ് തടഞ്ഞുനിർത്തി ഓട്ടോ ഡ്രൈവർ മർദിച്ചത്. ഇടക്കൊച്ചി സ്വദേശി അലക്സാണ്ടറാണ് പ്രതി. പാലാരിവട്ടത്തിനും കച്ചേരിപ്പടിക്കുമിടക്കായിരുന്നു തർക്കം. ഓട്ടോയുടെ പിന്നിലായിരുന്ന ബസ് പലതവണ ഹോൺ മുഴക്കിയതാണ് പ്രശ്നം. കച്ചേരിപ്പടിയിലെത്തിയപ്പോൾ ഇയാൾ ഓട്ടോ ബസിനുമുന്നിൽ നിർത്തിയിടുകയായിരുന്നു. മാറ്റാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു മർദനം. എറണാകുളം സെൻട്രൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പരിശോധനയും നടപടിയും ഊർജിതമെന്ന് പൊലീസ്

ബസ് ജീവനക്കാരടക്കമുള്ളവരെ ലഹരിപരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കാർ യാത്രികനെ തടഞ്ഞുനിർത്തിയ സംഭവത്തിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അമിതവേഗതയിലും ഉച്ചത്തിൽ ഹോണടിച്ചും പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിന്റെ ഇടതുവശത്തുകൂടി അപകടകരമായി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പിടികൂടിയ അൻസാറിനെ റിമാൻഡ് ചെയ്യുമെന്ന് അറിയുന്നു.

Tags:    
News Summary - Goons and drunkards in the village; Police indifferent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.