അപർണ ശത്രുവല്ല, ഇസ്‌ലാമോഫോബിയയുടെ ഇര; ഇനിയും തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ ഞങ്ങളൊരുക്കമാണെന്നും ഡോ. അബ്ദുല്ല ബാസിൽ

കോഴിക്കോട്: വംശീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളെ തുറന്നുകാട്ടിയതിന്റെ പേരിലാണ് തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും, ആ കേസിനെ അഭിമാനത്തോടെയാണ് നേരിടുന്നതെന്നും വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിൽ. തനിക്കെതിരെ ഉയർന്ന വ്യാജ കേസിൽ ലവലേശം ഭയമോ ആശങ്കയോ ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

വിഷയത്തിൽ തനിക്കെതിരെ വ്യാജ കേസ് ചുമത്തിയതിനെതിരെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒന്നടങ്കം രംഗത്തുവന്നത് ആശ്വാസകരമാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നീതിക്കായി നിലകൊണ്ടു. അബദ്ധമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന ഒരു വരി പോലും പറയാത്ത തന്റെ പേരിൽ ഉയർന്ന കേസ് പൂർണമായും പിൻവലിക്കണമെന്നും ബാസിൽ ആവശ്യപ്പെട്ടു.

വിവാദ പരാമർശം നടത്തിയ അപർണയെ ഒരു ശത്രുവായിട്ടല്ല, മറിച്ച് ഇസ്ലാമോഫോബിയയുടെയും നിരന്തര വംശീയ പ്രചാരണങ്ങളുടെയും ഇരയായാണ് താൻ കാണുന്നത്. തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തിയാൽ അതിനെ ഉൾക്കൊള്ളാൻ കേരളീയ പൊതുസമൂഹത്തിനും മുസ്‌ലിം സമുദായത്തിനും കഴിയും. എന്നാൽ, തെറ്റ് തിരുത്തുന്നതിന് പകരം പരാതിക്കാരെ കോടതി കയറ്റാൻ ശ്രമിക്കുന്നത് ഖേദകരമാണ്.

സമൂഹത്തിൽ ഇസ്‌ലാമോഫോബിയയും വിദ്വേഷ പ്രചാരണങ്ങളും ശക്തമാക്കുന്ന യൂട്യൂബർമാർക്കും പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ ശക്തമായ നടപടി വേണം. അപർണക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് അഭ്യർത്ഥിച്ച അദ്ദേഹം, കേസുകൾക്ക് പകരം ആശയങ്ങൾ കൊണ്ടാണ് സംവദിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം

ചർച്ചകളിൽ ഇടപെടുമ്പോൾ എപ്പോഴുമുള്ള ഒരു ജാഗ്രതയുണ്ട്, അറിയാതെയെങ്കിലും ഒരു സ്ഖലിതമോ, നാക്കബദ്ധമോ സമൂഹത്തിൽ പ്രശ്നമുണ്ടാക്കുമോ, അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കുമോ എന്നൊക്കെയാണത്. പക്ഷെ, ഇതാദ്യമായി എനിക്കെതിരെ ഒരു കേസ് വന്നു.

ഉള്ളത് പറയാമല്ലോ, ഈ പേടിയോ പ്രയാസമോ ലവലേശം തോന്നിയില്ല.! കാരണം അബദ്ധമോ പ്രശ്നമുണ്ടാക്കുന്നതോ ആയ അര വരി പോലും പറഞ്ഞതിന്റെ പേരിലല്ല എനിക്കെതിരെ കേസ് വന്നത്. മറിച്ച് അങ്ങേയറ്റം വംശീയവും സ്ത്രീവിരുദ്ധവുമായ സംസാരത്തെ തുറന്നു കാണിച്ചതിനാണ്.! അഭിമാനത്തോടെ ഞാനത് ഏറ്റെടുക്കുന്നു.!

വംശീയതയെ call out ചെയ്യുന്നത് കുറ്റമാണെങ്കിൽ ഞാൻ കുറ്റവാളിയാണ്! തിടുക്കത്തിൽ ഒരു FIR ഇട്ടു എന്നറിഞ്ഞപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും അതിനോടുള്ള പ്രതികരണങ്ങൾ ചുറ്റിലുമുള്ള മനുഷ്യരെ കുറിച്ച് പ്രതീക്ഷ നൽകുന്നതായിരുന്നു. ജാതിമതഭേദമന്യേ ഈ അനീതിക്കെതിരെ തുറന്നെതിർത്ത് രംഗത്തെത്തിയവരിൽ പലരെയും എനിക്ക് അറിയുക കൂടിയില്ല.!

വ്യത്യസ്ത സംഘടനകളിൽ പെട്ട പ്രവർത്തകരും നേതാക്കളും അത്രയേറെ ആത്മാർഥമായാണ് വിഷയത്തിൽ ഇടപെട്ടത്. ഏറെ സന്തോഷം തോന്നിയത് ഭരണപക്ഷത്തെ ലീഗ്, കോൺഗ്രസ് MLAമാർ; പോലീസിനെ ന്യായീകരിക്കാതെ ന്യായത്തിന് വേണ്ടി നിലകൊണ്ടത് കണ്ടപ്പോഴാണ്. ഇത്തരം നീതിനിഷേധങ്ങളോട് കണ്ണടയ്ക്കാതെ ആവശ്യമായ നടപടികളെടുത്ത ഗവണ്മെന്റിനോടും കൃതാർത്ഥതയുണ്ട്.

ഇടത് നേതാക്കളില്ലെങ്കിലും, പ്രൊഫൈലുകൾ ചിലത് ന്യായത്തിന് വേണ്ടി നിലകൊണ്ടു. പിന്നെ ചുരുക്കം ചിലർ ഇത്ര വ്യക്തമായ അനീതി നടന്നിട്ടും എന്നോടുള്ള വ്യക്തിപരമായ വിയോജിപ്പ് കാരണം അതിനെ ന്യായീകരിച്ചു. അതിലെനിക്ക് പരിഭവമില്ല. നിരന്തര സംവാദ മേഖലയിലായിരിക്കുമ്പോൾ ഞാൻ നിരന്തരം ആശയപരമായി എതിർത്തു കൊണ്ടിരിക്കുന്ന നിരീശ്വരവാദികൾ ഒറ്റയടിക്ക് നീതിക്ക് വേണ്ടി എനിക്കനുകൂലമായി നിൽക്കണം എന്നൊന്നും ആഗ്രഹിക്കുന്നതിൽ കാര്യമില്ലല്ലോ.. പക്ഷെ മറുനാടൻ ഷാജനും വിദ്വേഷ യൂട്യൂബർക്കും പോലും ഈ കേസ് വ്യാജമാണ് എന്ന് മനസിലായിട്ടുണ്ടെങ്കിൽ, എനിക്കെതിരെ അനീതിയാണ് നടന്നത് എന്നതിൽ വലിയ സംശയമൊന്നും ആർക്കുമുണ്ടാകാനിടയില്ല.!

എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതിന്.. മരവിപ്പിക്കുക എന്നതിനപ്പുറം കേസ് പൂർണമായി പിൻവലിക്കപ്പെടണം എന്നതാണ് ന്യായം. ഒരിടത്തും നിലനിൽക്കാത്ത പത്തരമാറ്റ് വ്യാജകേസാണത്!

ഒപ്പം അപർണയെ കുറിച്ച്, അപർണയെ ഒരു ശത്രുവായല്ല , ഒരു ഇരയായാണ് ഞാൻ മനസിലാക്കുന്നത്. നിരന്തരമായ മുസ്ലിം വംശീയത കൺസ്യൂം ചെയ്യുന്ന ഒരാളിൽ നിന്ന് വന്നുപോയ പരാമർശങ്ങളാണത്. അവരത് ഏറ്റുപറഞ്ഞു തിരുത്തിയാൽ അതുൾക്കൊള്ളാനും സ്വീകരിക്കാനും കേരളീയ പൊതുബോധത്തിനാകും. പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന് അതിന് സാധിക്കുമെന്നെനിക്കുറപ്പുണ്ട്. കാരണം വാളുമായി കൊല്ലാൻ വന്ന എതിരാളിക്ക് പോലും, അവനെ നിരായുധനായി കയ്യിൽ കിട്ടിയപ്പോൾ മാപ്പ് കൊടുത്ത പ്രവാചകനാണല്ലോ മുസ്‌ലിംകളുടെ മാതൃക.! എത്രമേൽ വലിയ വിദ്വേഷം ഞങ്ങൾക്കെതിരെ നിങ്ങൾ പറഞ്ഞെങ്കിലും, അതുൾക്കൊണ്ട് തിരുത്തിയാൽ എല്ലാം മറക്കാൻ ഈ സമുദായം തയാറാകും.

പക്ഷെ വംശീയതയെ തിരുത്തുകയും , ഏറ്റുപറഞ്ഞ് വ്യക്തത വരുത്തുകയും ചെയ്യുന്നതിന് പകരം; അത് ചൂണ്ടിക്കാണിച്ചവരെ കോടതി കയറ്റാനും , "ഒന്നാം പ്രതി അബ്ദുല്ലാ ബാസിൽ" എന്ന് കാർഡിറക്കാനുമൊക്കെ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് ലവലേശം ഖേദമില്ല എന്ന് സമൂഹം വായിക്കുകയാണ്. വീണ്ടും വീണ്ടും വീണ വംശീയക്കുഴി നിങ്ങൾ വലുതാക്കിക്കൊണ്ടിരിക്കുകയാണ്!

ഇതൊക്കെ ചെയ്യുമ്പോഴും അവരൊരു സ്ത്രീയാണ് , മനുഷ്യനാണ് എന്ന് മനസിലാക്കി അവരെ വ്യക്തിപരമായി പരാമർശിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നാണ് എന്റെ പക്ഷം. വ്യക്തിയല്ല , ഈ സാമൂഹ്യാന്തരീക്ഷമാണ് പ്രശ്നത്തിന്റെ കാതൽ. സ്വയം വിളിച്ചു പറഞ്ഞ വംശീയ വിദ്വേഷം പോലും മനസിലാക്കാൻ സാധിക്കാത്ത തരത്തിൽ ഇസ്ലാമോഫോബിയ ഇന്റേണലൈസ് ചെയ്യപ്പെട്ടിരിക്കുന്നു..! അതിന് കാരണക്കാരായ വിദ്വേഷ യൂട്യൂബർമാരെയും, നടപടിയെടുക്കാതെ അവരെ പന പോലെ വളർത്തിയ സിസ്റ്റത്തെയും നമുക്ക് ചോദ്യം ചെയ്യാം.. ഇപ്പോൾ സർക്കാർ അതിലേറ്റവും വലിയ വിഷജീവിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് വലിയ കാര്യമാണ്.

മലയാളിയുടെ ചർച്ചാ മണ്ഡലത്തിൽ പത്തു വർഷം മുൻപ് ഇല്ലാതിരുന്ന വൃത്തികെട്ട പദാവലികൾ ചാനൽ ചർച്ചകളിൽ പോലും , അവതാരകരുടെ നാവിൽ നിന്നുപോലും വരുന്ന ഭയാനകമായ അവസ്ഥയാണ് പ്രശ്നത്തിന്റെ കാതൽ. അതുണ്ടാക്കിയവരെയും അതിന് വെള്ളവും വളവും നല്കിയവരെയും തൂഫാൻ പോലെ തൂക്കട്ടെ..! നല്ലൊരു സാമൂഹ്യാന്തരീക്ഷം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന സർക്കാരിൽ നിന്ന് അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷം നന്നാകുമ്പോൾ അപർണയടക്കം തെറ്റ് തിരിച്ചറിയും , തിരുത്തും.. ഇനിയും തുറന്ന മനസ്സോടെ ഇരിക്കാൻ , ചർച്ച ചെയ്യാൻ ഞങ്ങളൊരുക്കമാണ്.

ചർച്ചകളുടെയും സംവാദങ്ങളുടെയും സൗഹാർദ്ദത്തിന്റെയും വാതിലുകൾ അടഞ്ഞിട്ടില്ല. കേസുകൾ കൈമാറുന്നതിന് പകരം നമുക്ക് ആശയങ്ങൾ കൊണ്ട് സംവദിക്കാം..!

Tags:    
News Summary - Aparna is not an enemy, but a victim of Islamophobia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.