നഗരങ്ങളെ എരിതീയിലാക്കി ഉഷ്ണത്തുരുത്ത്
തിരുവനന്തപുരം: അന്തരീക്ഷ താപനിലയും ഈർപ്പവും ക്രമാതീതമായി ഉയരുന്നതിന് പിന്നാലെ അസാധാരണ പ്രതിഭാസങ്ങളായ ഉഷ്ണത്തുരുത്തുകൾ കൂടി പെരുകിയതോടെ കേരളത്തിലെ നഗരങ്ങളും നഗരസമാന മേഖലകളും ഉരുകിത്തിളക്കുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളും ടാർറോഡുകളും അടച്ചിട്ട ജനാലകളും വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന പ്രതിഭാസമാണ് ഉഷ്ണത്തുരുത്തുകൾ.
ഇതിന്റെ ഫലമായി നാട്ടിൻപുറങ്ങളിലേതിനേക്കാൾ മൂന്നോ നാലോ ഡിഗ്രി കൂടുതൽ ചൂടാണ് നഗരങ്ങളിൽ അനുഭവപ്പെടുന്നത്. മെട്രോ നഗരങ്ങളിൽ ഇത് എട്ടുമുതൽ പത്തുവരെ ആകാമെന്നും അന്താരാഷ്ട്ര പഠനങ്ങൾ കാണിക്കുന്നു. തീരദേശമായതിനാൽ കേരളത്തിൽ പൊതുവേ വായുവിൽ ജലബാഷ്പം കൂടുതലാണ്. കേരളത്തിന്റെ ഹൈറേഞ്ച് ഒഴിച്ചുള്ള മേഖലകളെല്ലാം ഈർപ്പമുള്ള കാലാവസ്ഥയുടെ പരിധിയിലാണ് വരുന്നത്. അന്തരീക്ഷ താപനിലക്കൊപ്പം ഈർപ്പവും വർധിക്കുന്നതിനാലാണ് ചൂട് അസഹ്യമായി അനുഭവപ്പെടുന്നത്.
ഗ്രാമപ്രദേശങ്ങളിൽ കുളങ്ങൾ, പാടം, തോട് തുടങ്ങി വെള്ളം സംഭരിച്ചുനിർത്താനും പുനരുപയോഗിക്കാനും സംവിധാനമുള്ളതിനാൽ ഉഷ്ണത്തുരുത്തുകൾ പ്രവർത്തിക്കുന്നില്ല. അതിനാൽ ചൂട് കുറയും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തീവ്ര നഗരവത്കരണം നടക്കുന്ന സംസ്ഥാനമായതിനാൽ നഗര-ഗ്രാമപ്രദേശങ്ങൾ അതിവേഗം കോൺക്രീറ്റ് കാടുകളാവുമെന്നും സംസ്ഥാനം ഒറ്റ ഉഷ്ണത്തുരുത്തിലേക്ക് എത്താൻ അധികദൂരം ഇല്ലെന്നുമുള്ള ആശങ്കയാണ് കാലാവസ്ഥ വിദഗ്ധർ പങ്കുവെക്കുന്നത്.
പ്രകൃതിക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കൊണ്ടുവരിക എന്നതാണ് ഈ പ്രതിസന്ധിക്കുള്ള പരിഹാരമെന്ന് കാലാവസ്ഥ ഗവേഷകനായ ഗോപകുമാർ ചോലയിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. നാട്ടിൻപുറങ്ങളെ അതേപടി നിലനിർത്തി നഗരങ്ങളെ ‘സ്പോഞ്ച് നഗര’ങ്ങളാക്കണം. നാട്ടിൻപുറങ്ങളിൽ വൻതോതിൽ സംഭരണികളുള്ളതിനാൽ വെള്ളം പിടിച്ചുവെക്കാൻ സംവിധാനങ്ങളുണ്ട്. നഗരങ്ങളിൽ അതില്ല. അവിടെയാണ് ‘സ്പോഞ്ച് നഗര’ങ്ങളുടെ പ്രാധാന്യം. നഗരത്തിൽ പെയ്യുന്ന മഴ അവിടെതന്നെ സംഭരിക്കാനും പുനരുപയോഗിക്കാനുമുള്ള സംവിധാനമാണ് സ്പോഞ്ച് നഗരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാലിത് പ്രയോഗത്തിൽ വരണമെങ്കിൽ വികസനമെന്നാൽ കോൺക്രീറ്റ് നിർമിതികളാണെന്ന അധികാരികളുടെ വീക്ഷണം മാറണം. അന്താരാഷ്ട്രതലത്തിൽ ഉഷ്ണത്തുരുത്തുകളെ കുറിച്ചും സ്പോഞ്ച് നഗരത്തെക്കുറിച്ചും നിരവധി പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ പശ്ചാത്തലത്തിൽ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. കൊച്ചിയിൽ ടൗൺപ്ലാനിങ് വിഭാഗം ഒരിക്കൽ ഇത്തരത്തിൽ പദ്ധതി തയാറാക്കിയെങ്കിലും മുന്നോട്ടുപോയില്ല. 2013 മുതൽ ചൈനയിൽ ഈ സംവിധാനം നടപ്പായിട്ടുണ്ടെന്നും ഗോപകുമാർ ചൂണ്ടിക്കാട്ടുന്നു.
എന്താണ് ഉഷ്ണത്തുരുത്ത്
ചൂട് വലിച്ചെടുക്കുന്ന കോൺക്രീറ്റ്, ടാർ, ഇരുമ്പ്, ഗ്ലാസ് എന്നിവയുടെ അധികസാന്നിധ്യവും ഫാക്ടറികൾ, വാഹനങ്ങളിലെ എൻജിനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയിൽനിന്ന് വലിയ തോതിൽ പുറന്തള്ളപ്പെടുന്ന മനുഷ്യനിർമിത താപവും മൂലം ചൂട് അസാധാരണമായി ഉയർന്നുനിൽക്കുന്ന മേഖലകളെയാണ് ‘ഉഷ്ണത്തുരുത്ത്’ എന്ന് പറയുന്നത്. നഗരങ്ങളാണ് പൊതുവിൽ ഈ ഗണത്തിൽ വരുന്നത്. കോൺക്രീറ്റ്, ടാർ, ഇരുമ്പ്, ഗ്ലാസ് എന്നിവ പകൽസമയത്തെ സൂര്യതാപം വലിയ തോതിൽ വലിച്ചെടുക്കുകയും രാത്രിയിൽ പതുക്കെ മാത്രം പുറത്തുവിടുകയും ചെയ്യുന്നു. ഇത് നഗരങ്ങളെ രാത്രിയിലും ചൂടുള്ളതാക്കുന്നു. വലിയ കെട്ടിടങ്ങൾ അടുത്തടുത്ത് തിങ്ങിനിറഞ്ഞ് നിർമിക്കുന്നത് കാറ്റിന്റെ സ്വാഭാവിക ഗതിയെ തടയുകയും ചൂട് വായു പുറത്തേക്ക് പോകുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.
നാളെ വരെ ഉയർന്ന താപനില
സംസ്ഥാനത്ത് ഉയർന്ന താപനില ബുധനാഴ്ച വരെ തുടരാൻ സാധ്യത. ഈ കാലയളവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനം അനുസരിച്ച് തുടർന്ന് ചെറിയ രീതിയിൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. മൂന്നാറിൽ യു.വി സൂചിക പത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 11 ആയിരുന്നു. ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, തൃത്താല എന്നിവിടങ്ങളിൽ ഒമ്പത് രേഖപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥ വകുപ്പ് 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.