മുനക്കക്കടവ് അഴിമുഖത്ത് പൊന്നുംവിലയുള്ള ഗോല്‍ മീൻ ലഭിച്ചു

ചാവക്കാട്: കേരള തീരത്ത് അത്യപൂർവമായതും വിപണിയില്‍ പൊന്നുംവിലയുമുള്ള ഗോല്‍ മീന്‍ മുനക്കക്കടവ് അഴിമുഖത്തുനിന്ന് ലഭിച്ചു. മുനക്കക്കടവ് സ്വദേശികളായ ചോപ്പന്‍ അബ്ദുസ്സമദിനും ചേന്ദങ്കര ചന്ദുവിനുമാണ് മീന്‍ ലഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12ന് ചെറുവഞ്ചിയില്‍ ചേറ്റുവ പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നാലേമുക്കാല്‍ കിലോ തൂക്കമുണ്ട് മീനിന്.

കഴിഞ്ഞ ഏപ്രിലില്‍ നീണ്ടകര തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ മൂന്ന് ഗോല്‍ മീനുകളുടെ ലേലം സമൂഹമാധ്യമങ്ങളിൽ പ്രചാരം നേടിയിരുന്നു. 2.25 ലക്ഷം രൂപയാണ് ലേലത്തില്‍ ലഭിച്ചത്. കൊല്ലത്തുള്ള സുഹൃത്തുക്കള്‍ക്ക് ദൃശ്യം ഫോണില്‍ അയച്ചുകൊടുത്ത് കിട്ടിയത് ഗോല്‍ മീന്‍ തന്നെയാണെന്ന് ഇവർ ഉറപ്പുവരുത്തി. മീന്‍ സൂക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും വാങ്ങാന്‍ ആളെത്തുമെന്നും അബ്ദുസ്സമദ് പറഞ്ഞു.

കടലില്‍ മാത്രം കാണപ്പെടാറുള്ള മീന്‍ വേലിയേറ്റത്തിൽ പുഴയിലേക്ക് കടന്നതാകാമെന്ന് കരുതുന്നു. സ്വർണക്കോരയെന്നും പാല്‍ക്കോരയെന്നുമെല്ലാം അറിയപ്പെടുന്ന മീനാണിത്.ഇതിന്റെ ആമാശയത്തില്‍ കാണപ്പെടുന്ന ബ്ലാഡറാണ് വില കൂടാൻ കാരണം. ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെയുള്ളവക്ക് ഉപയോഗിക്കുന്ന നൂല്‍ നിര്‍മാണത്തിന് ഈ ബ്ലാഡര്‍ ഉപയോഗിക്കുന്നതായി പറയുന്നു.

Tags:    
News Summary - golden fish caught in Munakkadav estuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.