അസംതൃപ്തരെ ചേർത്തുപിടിക്കാൻ അൻവർ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച


പയ്യന്നൂർ: പി.വി. അൻവർ എം.എൽ.എ പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിലായിരുന്നു നിർണായക സന്ദർശനം. എൽ.ഡി.എഫ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരുകയും തൊട്ടുപിന്നാലെ അവിടെനിന്ന് രാജിവെക്കുകയും ചെയ്ത അൻവർ, തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി വടക്കൻ കേരളത്തിലെ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കുഞ്ഞികൃഷ്ണനെ കണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കുഞ്ഞികൃഷ്ണന്റെ വസതിയിൽ അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ രാഷ്ട്രീയ പ്രസക്തിയുള്ള ഗൗരവതരമായ വിഷയങ്ങൾ ചർച്ചയായതായാണ് വിവരം. പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കുഞ്ഞികൃഷ്ണൻ, യമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചിരുന്നു. നീതി നിഷേധിക്കപ്പെടുന്ന ഇടത് നേതാക്കളെ താൻ ചേർത്തുപിടിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച അൻവർ, കുഞ്ഞികൃഷ്ണനെപ്പോലെയുള്ള ജനകീയ മുഖങ്ങളെ ഒപ്പം കൂട്ടി സി.പി.എമ്മിന് ബദലായി ഒരു മുന്നേറ്റം കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ പി.വി. അൻവർ മാധ്യമങ്ങളോട് പ്രതികരിക്കവെ ഇതൊരു സൗഹൃദ സന്ദർശനം മാത്രമാണെന്ന് പറഞ്ഞ് രാഷ്ട്രീയ ചർച്ചകളെ തള്ളാൻ ശ്രമിച്ചു. ‘കുഞ്ഞികൃഷ്ണനെ നേരിട്ട് കാണാൻ എത്തിയതാണ്, ഇതിൽ മറ്റ് രാഷ്ട്രീയ അർഥങ്ങൾ തേടേണ്ടതില്ല’ എന്നായിരുന്നു അൻവറിന്റെ പ്രതികരണം. എന്നാൽ, അസംതൃപ്തരായ ഇടത് പ്രവർത്തകരെയും നേതാക്കളെയും ഒന്നിപ്പിക്കാനുള്ള അൻവറിന്റെ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

Tags:    
News Summary - Anvar meeting with V. Kunhikrishnan in Payyannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.