കൊല്ലം: 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചതായി പരാതി. പുനലൂരിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ആറാം ക്ലാസുകാരനാണ് മർദനമേറ്റത്. കൊല്ലം പുനലൂരിൽ 'ലിവിങ് വാട്ടർ' എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. രക്ഷിതാക്കളുടെ പരാതിയിൽ പത്തനംതിട്ട സ്വദേശികളായ ലിജു കുമാർ, ടോം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മുപ്പതോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധിക്കാലം ആയതിനാൽ ഭൂരിഭാഗം കുട്ടികൾ തിരികെ വീട്ടിലേക്കു മടങ്ങിയിരുന്നു. മൂന്നു കുട്ടികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചെങ്കിലും കേൾക്കാൻ വാർഡനും പാചകക്കാരനും തയ്യാറായില്ലെന്നും മർദിച്ചെന്നുമാണ് കുട്ടിയുടെ മൊഴി. സംഭവത്തിനു ശേഷം കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയപ്പോഴാണ് കുട്ടി മർദനവിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബി.എൻ.എസ്. പ്രകാരവും പൊലീസ് കേസെടുത്തു. പുനലൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മകനെ കാലിൽ കയർ കെട്ടി ഫാനിന്റെ ഹൂക്കിൽ തൂക്കിയിട്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകന്റെ ശരീരത്തിൽ മർദനമേറ്റ പാടുണ്ട്. വീട്ടിലെത്തി വിഷമിച്ചിരിക്കുന്നത് എന്തെന്നു ചോദിച്ചപ്പോഴാണ് മകൻ വിവരം പറഞ്ഞതെന്നും പിതാവ് പറഞ്ഞു.
അതേസമയം പറയുന്നതുപോലെ ഒന്നും നടന്നിട്ടില്ലെന്ന് സ്ഥാപനം നടത്തിപ്പുകാരനായ പ്രിൻസ് പറഞ്ഞു. വിരട്ടാൻ വേണ്ടി കാലിൽ കെട്ടി എന്നാണ് ലിജു (കുക്ക്) പറഞ്ഞത്. കുട്ടികൾ ആരും തന്നോടു പറഞ്ഞിട്ടില്ലെന്നും പ്രിൻസ് പറഞ്ഞു. നിരവധി കുട്ടികളെ പഠനത്തിനായി താമസിപ്പിച്ചിരിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.