കൊച്ചി: കടുത്ത വേനൽചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
വരുന്ന മണിക്കൂറിൽ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കുമാണ് സാധ്യത. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണം. ഇടിമിന്നൽ ദൃശ്യമല്ലെങ്കിലും മുൻകരുതൽ എടുക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും നിർദ്ദേശമുണ്ട്.
യെല്ലോ അലർട്ട് നൽകിയ ജില്ലകൾ:
മേയ് 02: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
മേയ് 03: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
മേയ് 04: ഇടുക്കി, പാലക്കാട്
മേയ് 05: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്
മേയ് 06: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.