വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ തകർത്ത് വിഷലിപ്തമാക്കിക്കൊണ്ടുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ കേരള സമൂഹം തള്ളിക്കളയണമെന്ന് എഴുത്തുകാരുടെയും സാമൂഹികപ്രവർത്തകരുടെയും കൂട്ടായ്മയായ വേക് അപ് കേരളം ആഹ്വാനം ചെയ്തു. മുസ്‌ലിം സമുദായത്തിന് നേരെ നിരന്തരം വിദ്വേഷ പ്രചാരണം നടത്തുകയും യു.ഡി.എഫ് ഘടകകക്ഷിയായ മുസ്‌ലിം ലീഗിന് നേരെയുള്ള വര്‍ഗീയാരോപണങ്ങള്‍ ആ പാര്‍ട്ടിയോടുള്ള അസഹിഷ്ണുത എന്നതിനേക്കാള്‍ രാജ്യമാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ എന്ന വിഷം മലയാളിയുടെ പൊതുമനസ്സില്‍ കുത്തിവെക്കുകയും ചെയ്യുന്ന ഹീന പ്രവർത്തി പ്രബുദ്ധ സമൂഹം പൂർണമായും തള്ളിക്കളയണമെന്ന് വേക് അപ് കേരളം പറഞ്ഞു.
'ഏറ്റവും പരിതാപകരമായ കാര്യം എന്തെന്നാൽ, കേരളീയ നവോത്ഥാന നായകരില്‍ ശ്രേഷ്ഠസ്ഥാനീയനായ, മത വിഭാഗീയതക്കെതിരെയും ജാതീയതക്കെതിരെയും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനഷ്യന്' എന്ന ആശയമുയര്‍ത്തിപ്പിടിച്ച നാരായണ ഗുരുവിനാല്‍ സ്ഥാപിതമായ എസ്.എൻ.ഡി.പി.യുടെ നേതൃസ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്നാണ് ഈ വര്‍ഗീയ പ്രസ്താവന വന്നിരിക്കുന്നത് എന്നതാണ്.' -വേക് അപ് കേരളം വ്യക്തമാക്കി.
മാത്രമല്ല, കേരള സര്‍ക്കാര്‍ മുൻകൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയുടെ അധ്യക്ഷ സ്ഥാനം ഇപ്പോള്‍ വഹിക്കുന്നതും ഇദ്ദേഹമാണ്. രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ച ഒരാളാണ് താന്‍ എന്ന ബോധമെങ്കിലും വെള്ളാപ്പള്ളി നടേശൻ കാണിക്കണം. രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ ഉപകരണം മാത്രമായി പ്രവര്‍ത്തിക്കാനാണോ ഇത്ര മഹോന്നതമായ, അനര്‍ഹമായ സ്ഥാനം വെള്ളാപ്പള്ളി നടേശന്റെ മേൽ കെട്ടിയേല്‍പ്പിച്ചത് എന്ന് ജനാധിപത്യ വിശ്വാസികള്‍ സംശയിക്കുന്നു എന്നും വേക് അപ് കേരളം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മത സൗഹാര്‍ദ്ദാന്തരീക്ഷത്തെ തകർത്തുകൊണ്ട് രാഷ്ടീയ കക്ഷികൾക്ക് ലാഭമുണ്ടാക്കുന്ന ഇത്തരം ഹീനമായ നീക്കങ്ങളില്‍ നിന്ന് വെള്ളാപ്പള്ളി നടേശൻ പിന്മാറണമെന്ന് വര്‍ഗീയ-ജാതീയ വിഭജന തന്ത്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ്മയായ വേക് അപ് കേരളം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.