ഇരിക്കൂർ പൊലീസ് പിടികൂടിയ പ്രതികൾ

വീട്ടുകാർ കുർബാനക്ക് പോയപ്പോൾ 20 പവനും 22,000 രൂപയും കവർന്നു; 24 മണിക്കൂറിനകം പ്രതികൾ പിടിയിൽ

ഇരിക്കൂർ: വീട്ടുകാർ കുർബാനക്ക് പോയ സമയത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവൻ ആഭരണവും 22,000 രൂപയും കവർന്നു. മോഷ്ടാക്കളെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവും ഇരുപതോളം കേസിലെ പ്രതിയുമായ കൊല്ലം ഏഴുകോൺ സ്വദേശി അഭിവിഹാറിൽ അഭിരാജ് (31), കാസർകോട് ഉപ്പള മുസോടി ശാരദാ നഗറിലെ കിരൺ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ പറശ്ശിനിക്കടവ് ധർമശാലയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്.

ഇരിക്കൂർ പടിയൂരിലെ ചടച്ചികുണ്ടത്തെ ബെന്നി ജോസഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച രാവിലെ 7 മണിക്ക് കല്ലുവയൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്ക് പോയ സമയത്തായിരുന്നു കവർച്ച. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിതുറന്ന നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് മോഷ്ടാക്കൾ ആഭരണങ്ങളും പണവും കവരുകയായിരുന്നു. വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ തകർത്ത മോഷ്ടാക്കൾ സിസിടിവിയുടെ ഹാർഡ് ഡിസ്കും കടത്തിക്കൊണ്ടുപോയി.

പിറകുവശത്തെ വർക്ക് ഏരിയയുടെ ഗ്രിൽസും തകർത്ത നിലയിലായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഇരിക്കൂർ എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. തെരച്ചിൽ നടത്തുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ പറശ്ശിനിക്കടവ് ധർമ്മശാലയിൽവെച്ച് മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.

മറ്റൊരുമോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് ഏതാനും ദിവസംമുമ്പ് പുറത്തിറങ്ങിയ പ്രതികൾ രണ്ടുദിവസമായി പറശ്ശിനിക്കടവ് ലോഡ്ജ് മുറിയിൽ താമസിച്ചു വരികയായിരുന്നു. സ്കൂട്ടറിൽ കറങ്ങിയാണ് കവർച്ച നടത്തിയത്. സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിന് വ്യാജ നമ്പർ പതിച്ച നിലയിലാണ്. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ ഇരിക്കൂർ എസ്.ഐ കെ. ദിനേശൻ, എ.എസ്.ഐ എ.ജി അബ്ദുൾറൗഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ജയദേവൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.


Tags:    
News Summary - Gold theft: two arrested within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.