സ്വർണക്കടത്ത്​: ഹൈകോടതി വിധി സര്‍ക്കാരിന്​ തിരിച്ചടി -വി.ഡി. സതീശന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്​ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്ര ഏജന്‍സികള്‍ സി.പി.എം നേതാക്കളെ വേട്ടയാടുന്നെന്ന കേട്ടുകേള്‍വിയില്ലാത്ത വിചിത്രവാദം ഉന്നയിച്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിലൂടെ അന്വേഷണത്തെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ജുഡീഷ്യല്‍ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷം അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. അത് രാജ്യത്തെ ഒരു കോടതിയും അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളുടെ ഒരു നിഗമനവും പുറത്തു വരാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനു ശേഷം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായി സി.പി.എം ഒത്തുതീര്‍പ്പിലെത്തി.

മാധ്യമങ്ങളെ അന്വേഷണ പുരോഗതി മുന്‍കൂട്ടി അറിയിച്ചുകൊണ്ടിരുന്നു കേന്ദ്ര ഏജന്‍സികള്‍ ഒരു സുപ്രഭാതത്തില്‍ അത് നിര്‍ത്തി. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പാണ് ഇതു നിലച്ചത്. എല്ലാ ഏജന്‍സികളും ഒരേ സമയത്ത് അന്വേഷണം അവസാനിപ്പിച്ചത് വിചിത്രമാണെന്ന് പ്രതിപക്ഷം പറഞ്ഞതിനെ തുടര്‍ന്നാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മും ബി.ജെ.പിയും അങ്ങോട്ടുമിങ്ങോട്ടും ആരോപണം ഉന്നയിച്ചത്. നേരത്തെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത് കെ. സുരേന്ദ്രനായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സുരേന്ദ്രന് ഒന്നും പറയാനില്ല. കുഴല്‍പ്പണക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ വീണു കിടക്കുകയാണ്. കുഴല്‍പ്പണം പിടികൂടിയ അന്ന് തന്നെ ധര്‍മ്മരാജന്‍ സുരേന്ദ്രനെ ഫോണില്‍ വിളിച്ചത് പോലീസിന് അറിയാമായിരുന്നു. എന്നിട്ടും ചോദ്യംചെയ്യാന്‍ മൂന്നുമാസം കാത്തിരുന്നത് തെരഞ്ഞെടുപ്പ് കഴിയട്ടേയെന്ന സി.പി.എം- ബി.ജെ.പി ധാരണയുടെ ഭാഗമായാണ്.

കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് അന്വേഷണത്തിനൊപ്പം കള്ളപ്പണത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ കൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ തൊട്ടുപിന്നാലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രതിപക്ഷം ആവശ്യപ്പെട്ടതു പോലെ പൊലീസിനൊപ്പം കേന്ദ്ര ഏജന്‍സികള്‍ കൂടി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപ്പെടില്ലായിരുന്നെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Gold smuggling: High court verdict setback for govt VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.