സ്വർണക്കടത്ത് കേസ്: മടിയിൽ കനമില്ലെങ്കിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് സതീശൻ ​

തിരുവനന്തപുരം: മടിയില്‍ കനമില്ലെന്ന് വഴിയില്‍ ബോര്‍ഡ് എഴുതിവെക്കാതെ അത്​ തെളിയിക്കാന്‍ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ സി.ബി.ഐ അന്വേഷണത്തിന്​ സർക്കാർ ശിപാർശ ചെയ്യണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ഇതു സംബന്ധിച്ച ആവശ്യം പരിഗണിക്കാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്​.

യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നെന്നും പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്നും എല്ലാ കാര്യങ്ങളെയും കുറിച്ച് കേന്ദ്രത്തിന് കൃത്യമായ വിവരമുണ്ടെന്നുമുള്ള കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ചായിരുന്നു നിയമസഭയിൽ തന്‍റെ സബ്മിഷന്‍.

സ്വര്‍ണം ആരാണ് കൊണ്ടുവന്നതെന്നും കൊടുത്തയച്ചതെന്ന ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടോയെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷത്തോട് ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സി.ബി.ഐ അന്വേഷണത്തിലൂടെ ലഭിക്കും. നിയമസഭയില്‍ ലിസ്റ്റ് ചെയ്ത സബ്മിഷനില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രമപ്രശ്‌നമുന്നയിച്ചപ്പോള്‍ അവര്‍ക്ക് സഹായകമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റ് ജനറല്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്ന്​ ആക്ഷേപമുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളടക്കം നിരവധി വിഷയങ്ങള്‍ക്കുള്ള ഉത്തരം സി.ബി.ഐ അന്വേഷണത്തിലൂടെ ലഭിക്കും.

കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യണമെന്നാണ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്. പ്രോട്ടോകോള്‍ ലംഘനമുള്‍പ്പെടെ ഇ.ഡിക്ക് അന്വേഷിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. നിരപരാധിത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫലപ്രദമായ അന്വേഷണം നടക്കണം. അതിന് സര്‍ക്കാര്‍ തയാറാണോയെന്നും സതീശൻ ചോദിച്ചു.

Tags:    
News Summary - Gold smuggling case: vd Satheesan says CBI investigation should be done if there is no shame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.