valsala
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് ഒരു വർഷക്കാലം ശരീരത്തിനുള്ളിൽ സൂചി കുടുങ്ങിയ നിലയിൽ ജീവിക്കേണ്ടി വന്ന വത്സലയുടെ ദുരവസ്ഥയിൽ ആരോഗ്യ വകുപ്പിന്‍റെ സുപ്രധാന നടപടി. വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് വിജിലൻസ് അഡിഷണൽ ഡയറക്‌ടർ ഡോക്‌ടർ രാജേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേക അന്വേഷണം നടത്തുക.
സംഭവത്തിൽ വത്സലയുടെ മകൻ ദീപു ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയതോടെയാണ് അന്വേഷണ നടപടികൾ വേഗത്തിലായത്. ആറന്മുള എംഎൽഎ അബിൻ വർക്കിക്കൊപ്പമാണ് ദീപു മന്ത്രിയെ കണ്ടത്. ഒരു വർഷം മുമ്പ് ആശുപത്രിയിൽ നിന്ന് ഇഞ്ചക്ഷൻ എടുത്തപ്പോഴാണ് സൂചി ശരീരത്തിനുള്ളിൽ ഒടിഞ്ഞു കുടുങ്ങിയത്. ഇത്രയും കാലം കടുത്ത വേദന അനുഭവിച്ച അമ്മയ്ക്ക് നീതി ലഭ്യമാകണമെന്നാണ് കുടുംബത്തിന്റെ കാലങ്ങളായുള്ള ആവിശ്യം. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ആരോഗ്യമന്ത്രി ദീപുവിന് ഉറപ്പ് നൽകിയിരിക്കുന്നത്. റിപ്പോർട്ടിൽ ജില്ലാ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ ഉടൻതന്നെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വത്സലയ്ക്ക് ഇഞ്ചക്ഷൻ എടുത്ത നേഴ്‌സ് ആരാണെന്നും നിർദ്ദേശിച്ച ഡോക്‌ടർ ആരാണെന്നും കണ്ടെത്തി അവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സൂചി കുടുങ്ങിയ രോഗിയെ വീട്ടിലേക്ക് തിരിച്ചയച്ചത് വീഴ്‌ച, പകുതി സൂചിയുമായാണ് വത്സലയെ ഡിസ്‌ചാർജ് ചെയ്‌തത്, പരാതി മുകളിൽ റിപ്പോർട്ട് ചെയ്‌തില്ല തുടങ്ങിയവയാണ് കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് പറ്റിയ വീഴ്ചകൾ.ഒരു വർഷം മുൻപ് പനിയും ഛർദിലും വയറിളക്കവും ഉണ്ടായതോടെയാണ് ആറന്മുള സ്വദേശിനി വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.ചികിത്സയുടെ ഭാഗമായി ആശുപത്രി കുത്തിവെപ്പ് നൽകി. ഇതിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ഇടുപ്പിന്റെ ഭാഗത്ത് നിരന്തരം വേദന അനുഭവപ്പെട്ടു. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന അസഹനീയമായി മാറുകയായിരുന്നു. കുത്തിവെപ്പ് എടുത്ത സ്ഥലത്ത് നീർക്കെട്ടും പഴുപ്പും ഉണ്ടായയതോടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി എക്സ‌്-റേ എടുത്തതിൽ സൂചി ശരീരത്തിൽ കുടുങ്ങിയത് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത് അല്ലാതെ മറ്റെവിടെയും ചികിത്സയ്ക്കായി പോയിട്ടില്ലെന്നും വത്സലയും കുടുംബവും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.