സൗജന്യ യാത്ര: വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ വേണമെന്ന് വി.ടി ബൽറാം; അസന്തുലിതാവസ്ഥ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സൗജന്യ യാത്രാ സൗകര്യം സംസ്ഥാനത്തെ എല്ലാവരിലും ഒരുപോലെ എത്തിക്കാൻ വടക്കൻ ജില്ലകളിൽ കൂടുതൽ ഡിപ്പോകൾ ആരംഭിക്കണമെന്ന് വി.ടി. ബൽറാം എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

മലബാർ മേഖലയിൽ കെ.എസ്.ആർ.ടി.സി സൗകര്യങ്ങൾ പരിമിതമാണെന്നും ഇത് യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ നിലവിൽ നാമമാത്രമായ എണ്ണം ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം സർക്കാറിന്റെ സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം ഭൂരിഭാഗം വരുന്ന മലബാറിലെ സ്ത്രീകൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരം കാണാനും പ്രാദേശികമായുള്ള അസന്തുലിതാവസ്ഥ മാറ്റാനും സർക്കാറിന്റെ പ്രത്യേക ശ്രദ്ധ വടക്കൻ ജില്ലകളിൽ ഉണ്ടാകണമെന്നും കൂടുതൽ ഡിപ്പോകൾ അനുവദിക്കാൻ തയ്യാറാകണം.

വി.ടി ബൽറാം ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അതീവ ഗൗരവമുള്ളതാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ മറുപടി നൽകി. നിലവിലെ കണക്കുകൾ പ്രകാരം ആകെ ബസുകളിൽ 24.3 ശതമാനം മാത്രമാണ് മലബാർ മേഖലയിലുള്ളത്. സർവിസുകളുടെ കാര്യത്തിലാകട്ടെ ഇത് വെറും 33 ശതമാനം മാത്രമാണ്.

മലബാർ മേഖല നേരിടുന്ന ഈ വലിയ യാത്രാ പ്രതിസന്ധിയും വിവേചനവും ഗൗരവമായി കണ്ട് എത്രയുംവേഗം പരിഹാരം കാണുമെന്നും, വടക്കൻ ജില്ലകളിൽ കൂടുതൽ സർവിസുകളും ഡിപ്പോ സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി സഭക്ക് ഉറപ്പുനൽകി.

Tags:    
News Summary - VT Balram Seeks More KSRTC Depots for North Kerala; Minister Assures Action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.