പത്തനംതിട്ട: അയൽസംസ്ഥാനങ്ങളിൽ നിന്ന് ആവശ്യത്തിന് കന്നുകാലികൾ എത്താതായതോടെ സംസ്ഥാനത്തെ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ഇതിൽ പ്രതിഷേധിച്ച് ജൂൺ 6, 7 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ നാല് ജില്ലകളിലെ ഇറച്ചിക്കടകൾ പൂർണ്ണമായി അടച്ചിടുമെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു.
കേരളത്തിലെ ഇറച്ചി ആവശ്യത്തിനുള്ള കന്നുകാലികളിൽ ഭൂരിഭാഗവും വരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ, കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ അതിർത്തി കടക്കുമ്പോൾ ഗോരക്ഷകരെന്ന വ്യാജേന ചിലർ തടയുകയും അനധികൃതമായി പിടിച്ചെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇത്തരം അക്രമങ്ങളും തടസ്സപ്പെടുത്തലുകളും രാജ്യവ്യാപകമായി വർദ്ധിച്ചിരിക്കുകയാണ്.
ഗുണ്ടാ മാഫിയകളുടെ സംരക്ഷണത്തിൽ എത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ അതിർത്തികളിൽ തടസ്സമില്ലാത്തത്. സാധാരണക്കാരായ കച്ചവടക്കാരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതായും വൻതുക കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. വലിയ തുക നൽകി കാലികളെ എത്തിക്കുന്നത് കനത്ത നഷ്ടത്തിന് കാരണമാകുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ബീഫ് ഉപഭോഗമുള്ള കേരളത്തിൽ, വിതരണം സുഗമമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവിലെ പ്രതിസന്ധി നീണ്ടുപോയാൽ സംസ്ഥാനത്തെ ചില്ലറ വിൽപ്പന മേഖല പൂർണ്ണമായും സ്തംഭിച്ചേക്കും.
അതേസമയം, വിലകുറഞ്ഞ സുനാമി ഇറച്ചി വ്യാപകമായി വിൽപന നടക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട പഞ്ചായത്തുകൾ അതിന് തയാറാകാതെ ഇറച്ചിക്ക് വില നിയന്ത്രിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നതായി ദേശീയ പ്രസിഡന്റ് എം.എ. സലിം, സംസ്ഥാന സെക്രട്ടറി റോയ് തോമസ്, എം.കെ. അനിൽ, അൻവർ മെഹബൂബ്, മുഹമ്മദ് നിഷാദ് എന്നിവർ അറിയിച്ചു.
കാലികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനായി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നതാണു നിയമം. എന്നാൽ, ആന്ധ്രയിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് അനധികൃത ജപ്‌തികൾ വർധിച്ചുവരുന്നതായും റിപ്പോട്ടുണ്ട്. അതേസമയം, മാഫിയകളുടെ നിയന്ത്രണത്തിലുള്ള കാലികൾക്ക് മാത്രമാണ് തടസ്സമില്ലാതെ ഇപ്പോൾ ഗതാഗതം സാധ്യമാകുന്നത്. തടസ്സങ്ങൾ ഒഴിവാക്കാൻ എന്ന പേരിൽ ഗുണ്ടാ സംഘങ്ങൾ വൻതുക വാങ്ങുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.