നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ആശ്രിതനിയമനം നൽകാനും ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.

നവീൻ ബാബുവിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച് കുടുംബാംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. യു.ഡി.എഫ് സർക്കാർ ഭരണത്തിൽ വന്നശേഷം ആദ്യമായി സി.ബി.ഐക്ക് വിടുന്ന കേസാണിത്. ഇതുസംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും.

നിലവിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് കേസിലെ പ്രതി. സി.ബി.ഐ അന്വേഷണത്തിന് നേരത്തെയും ആവശ്യമുയർന്നിരുന്നെങ്കിലും സി.പി.എം എതിർത്തതിനാൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അനുമതി നൽകിയില്ല.

2024 ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ കലക്ടറേറ്റിലെ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത് നവീൻ ബാബുവിനെ മാനസികമായി തളർത്തിയിരുന്നു. ക്ഷണിക്കാതെ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ എത്തുകയും നവീൻ ബാബുവിനെതിരെ പ്രസംഗിക്കുകയുമായിരുന്നു. പിറ്റേദിവസം പുലർച്ചെ താമസ സ്ഥലത്ത് നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

സംഭവം ആത്മഹത്യയെന്ന് കാണിച്ച് ആത്മഹത്യ പ്രേരണക്ക് ദിവ്യയെ പ്രതി ചേർത്ത് പൊലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആത്മഹത്യ ചെയ്യുവാൻ സാധ്യതയില്ലെന്നും കാണിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്നത്തെ സർക്കാർ അതിനെ എതിർത്തു. തുടർന്ന് കോടതി സി.ബി.ഐ അന്വേഷണ ആവശ്യം നിരാകരിച്ചു.

Tags:    
News Summary - Naveen Babu Case: Kerala Govt Backs CBI Probe, Grants Daughter Compassionate Appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.