തിരുവനന്തപുരം: സംസ്ഥാനം നേരിടുന്നത് ഗുരുതര ധനകാര്യ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കി കേരളത്തിന്റെ ധനകാര്യ ധവളപത്രം നിയമസഭയിൽ. 5.07 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ആകെ കടബാധ്യത. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നതായും ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൽ പറയുന്നു.
രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിലാണ് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ്. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. 2025ൽ 262 ദിവസം സർക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താൻ RBI നൽകുന്ന താൽക്കാലിക വായ്പയെയും 84 ദിവസം ഓവർ ഡ്രാഫ്റ്റിനെയും ആശ്രയിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികകൾ ഉൾപ്പെടെ 48,733 കോടി രൂപയുടെ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാർ ഏറ്റെടുക്കണം. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 78,851 കോടി ആയി ഉയർന്നു. കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിൽ. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദ്ദം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിന്റെ ധനകാര്യ സ്ഥിതി മെച്ചപ്പെടാൻ ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കടം 5.07 ലക്ഷം കോടി രൂപ: കേരളത്തിന്റെ ആകെ ബാധ്യതകൾ സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 35.5 ശതമാനമായി വർധിച്ചു, ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.
വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളവും പെൻഷനും പലിശയും നൽകാൻ: സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവ നൽകാനായി മാറ്റിവെക്കേണ്ടി വരുന്നു.
അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നു: കേരളത്തിലെ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 20.7 ശതമാനമാണ്, ഇത് ദേശീയ ശരാശരിയേക്കാൾ അഞ്ചിരട്ടി കൂടുതൽ.
മൂലധനച്ചെലവിൽ വൻ കുറവ്: വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി ചെലവഴിക്കുന്ന തുക സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ വെറും 1.3 ശതമാനം മാത്രം.
ആർ.ബി.ഐ സഹായമില്ലാതെ ട്രഷറി പ്രവർത്തിക്കില്ല: 2024-25 കാലയളവിൽ വർഷത്തിൽ പത്തു മാസവും ട്രഷറി ബാലൻസ് നെഗറ്റീവ് ആയിരുന്നു, ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സൂചന.
48,733 കോടി രൂപയുടെ കുടിശ്ശിക: സർക്കാർ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും ബാങ്കുകൾക്കുമായി സംസ്ഥാനം നൽകാനുള്ള ആകെ കുടിശ്ശിക വൻ തുകയാണ്.
കിഫ്ബി കടം സംസ്ഥാനത്തിന്റെ കടം തന്നെ: കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുള്ളിൽ വരുന്നത് അതിന്റെ പ്രസക്തിയെ ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ പലിശ നിരക്ക് കൂടുതൽ: സർക്കാർ നേരിട്ട് എടുക്കുന്ന വായ്പയേക്കാൾ ഉയർന്ന പലിശയിലാണ് കിഫ്ബി പണം കണ്ടെത്തുന്നത്, ഇത് അധിക ബാധ്യതയുണ്ടാക്കുന്നു.
പദ്ധതി വിതരണത്തിൽ പ്രാദേശിക അസമത്വം: കിഫ്ബി പദ്ധതികളിൽ 20 ശതമാനവും കണ്ണൂർ ജില്ലയിലാണ്, ഇത് സാമ്പത്തിക നീതിക്ക് നിരക്കാത്തതാണെന്ന് റിപ്പോർട്ട് വിമർശിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 78,851 കോടി: കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി എന്നിവയാണ് പ്രധാനമായും നഷ്ടം വരുത്തുന്നത്.
ബിവ്‌കോയും സപ്ലൈകോയും ലയിപ്പിക്കാൻ ശുപാർശ: നികുതി ലാഭിക്കാനും സപ്ലൈകോയുടെ നഷ്ടം കുറയ്ക്കാനും രണ്ട് സ്ഥാപനങ്ങളെയും ഒന്നാക്കാൻ സമിതി നിർദ്ദേശിക്കുന്നു.
പട്ടികജാതി-പട്ടികവർഗ ഫണ്ടുകളിൽ വൻ വെട്ടൽ: വികസന പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയാണ് ദോഷകരമായി ബാധിക്കുന്നത്.
ന്യൂനപക്ഷ വികസന വിഹിതത്തിലും കുറവ്: 2017-18-ൽ 9.24 ശതമാനമായിരുന്ന ഈ വിഭാഗങ്ങൾക്കുള്ള വിഹിതം 3.85 ശതമാനമായി താഴ്ന്നു.
കേന്ദ്ര വിഹിതത്തിൽ 20,500 കോടിയുടെ കുറവ്: 2026-27 ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന കേന്ദ്ര സഹായത്തിൽ വലിയ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ബജറ്റ് കണക്കുകളിൽ വിശ്വാസ്യതയില്ല: ബജറ്റിലെ വരുമാന കണക്കുകൾ പലപ്പോഴും അതിശയോക്തിപരമാണെന്നും യഥാർത്ഥ കണക്കുകളുമായി വലിയ വ്യത്യാസമുണ്ടെന്നും ധവളപത്രം നിരീക്ഷിക്കുന്നു.
വൈദ്യുതി മേഖലയിൽ സ്വകാര്യ നിക്ഷേപം വേണം: സംസ്ഥാനത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
വിരമിക്കൽ പ്രായം വർധിപ്പിക്കാൻ നിർദ്ദേശം: പെൻഷൻ ബാധ്യത കുറയ്ക്കാനായി സർവിസ് കാലാവധി വർധിപ്പിക്കുന്നത് ആലോചിക്കാവുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.
ശമ്പള പരിഷ്കരണം പത്തു വർഷത്തിലൊരിക്കൽ: കേന്ദ്ര ഗവൺമെന്റ് മാതൃകയിൽ ശമ്പള പരിഷ്കരണം പത്തു വർഷത്തിലൊരിക്കൽ മതിയെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.
ജി.എസ്.ടി പിരിവ് ഊർജ്ജിതമാക്കണം: കേരളത്തിന്റെ നികുതി വരുമാന വർധനവ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവ്. ഇത് ഊർജിതപിരിവിലൂടെ മറികടക്കണം.
നഷ്ടത്തിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടാം: ഭാവിയിൽ ലാഭകരമാകാൻ സാധ്യതയില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ വേണം.
വിദേശ സർവകലാശാലകൾക്ക് അനുമതി നൽകണം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കായി സ്വകാര്യ, വിദേശ സർവകലാശാലകളെ പ്രോത്സാഹിപ്പിക്കണം.
ഫയൽ നീക്കം വേഗത്തിലാക്കാൻ ഡിജിറ്റലൈസേഷൻ: ഉദ്യോഗസ്ഥ ഭരണത്തിന്റെ വേഗത വർധിപ്പിക്കാൻ എല്ലാ വകുപ്പുകളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറണം.
തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി പണം കണ്ടെത്തണം: മാർക്കറ്റിൽ നിന്ന് വായ്പയെടുത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കണം.
റവന്യൂ കമ്മി ഗ്രാന്റ് കേന്ദ്രം നിർത്തലാക്കുന്നു: കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ നിർത്തലാക്കുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതൽ തളർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.