തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ പൂജിച്ച അയ്യപ്പ ചിത്രം പതിപ്പിച്ച സ്വർണ ലോക്കറ്റിന് ഭക്തജനങ്ങളിൽനിന്ന് ലഭിക്കുന്നത് മികച്ച പിന്തുണ. വില്പന ഏഴുദിവസം പൂർത്തിയാകുമ്പോൾ 56 പവൻ തൂക്കമുള്ള 184 സ്വർണ ലോക്കറ്റുകൾ സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് വഴി വിതരണം ചെയ്തു.
രണ്ടു ഗ്രാമിന്‍റെ 155 ലോക്കറ്റുകളും നാലു ഗ്രാമിന്‍റെ 22 ലോക്കറ്റുകളും എട്ടു ഗ്രാമിന്‍റെ ഏഴു ലോക്കറ്റുകളുമാണ് വിതരണം ചെയ്തത്. വിഷുദിനത്തിലാണ് ലോക്കറ്റ് ഭക്തർക്കായി വിതരണം ചെയ്യാനാരംഭിച്ചത്. വിഷുവിനോടനുബന്ധിച്ച പൂജകൾക്ക് ആറുദിവസവും ഇടവമാസ പൂജകൾക്കായി നട തുറന്ന ഇന്നലെയുമായി ഏഴുദിവസമാണ് ഭക്തജനങ്ങൾക്ക് ലോക്കറ്റ് കൈപ്പറ്റാൻ അവസരമുണ്ടായിരുന്നത്.
ഓൺലൈൻ വഴിയോ (www.sabarimalaonline.org) ശബരിമല സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ നേരിട്ട് എത്തിയോ സ്വർണ ലോക്കറ്റുകൾ ബുക്ക് ചെയ്യാം. അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് വഴിയാണ് ലോക്കറ്റുകളുടെ വിതരണം. ഓൺലൈനായി ബുക്ക് ചെയ്യുന്നവരും അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലെത്തി ലോക്കറ്റുകൾ കൈപ്പറ്റണം.
രണ്ടു ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300 രൂപയും നാലു ഗ്രാം ലോക്കറ്റിന് 38,600 രൂപയും എട്ടുഗ്രാം ലോക്കറ്റിന് 77,200 രൂപയുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.