തിരുവനന്തപുരം: 2017-18 സാമ്പത്തികവർഷത്തെ ധനബിൽ നിയമസഭ പാസാക്കി. സ്വർണത്തിന് ഏർപ്പെടുത്തിയ വാങ്ങൽനികുതി പിൻവലിക്കാൻ ബില്ലിൽ വ്യവസ്ഥചെയ്യുന്നു. സ്വർണവ്യാപാരികളുടെ ആവശ്യത്തിനാണ് ബില്ലിൽ പരിഹാരമായത്. കെ.എം. മാണി ധനമന്ത്രിയായിരിക്കെ ഏർപ്പെടുത്തിയ അഞ്ചുശതമാനം വാങ്ങൽനികുതി അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അദ്ദേഹംതന്നെ കഴിഞ്ഞദിവസം നിയമസഭയിൽ സമ്മതിച്ചിരുന്നു. നികുതി പ്രാബല്യത്തിലായെങ്കിലും സ്വർണവ്യാപാരികളിൽനിന്ന് നികുതി പിരിച്ചിരുന്നില്ല. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച നികുതി പിരിക്കാത്തതുകാരണം 2000 കോടി രൂപ സർക്കാറിന് നഷ്ടമായെന്ന് സി.എ.ജി കണ്ടെത്തി.
മുൻകാലപ്രാബല്യത്തോടെ നികുതി അടക്കാൻ നോട്ടീസുകൾ ലഭിച്ചുതുടങ്ങിയതോടെ വ്യാപാരികൾ സമരരംഗത്തിറങ്ങി. ഉപഭോക്താക്കളിൽനിന്നും മറ്റും സ്വർണം വാങ്ങുമ്പോൾ വ്യാപാരികൾ സർക്കാറിന് അഞ്ച് ശതമാനം നികുതി നിൽകണമെന്നതായിരുന്നു ബജറ്റിലെ നിർദേശം. മൊബൈൽ ഫോൺ ചാർജറുകൾക്ക് 14.5 ശതമാനം നികുതിപിരിക്കാനുള്ള തീരുമാനത്തിലും മാറ്റംവരുത്തി. നികുതി അഞ്ച് ശതമാനമായി തുടരും.
വ്യാഴാഴ്ച പാസാക്കിയ ധനബിൽ പ്രകാരം കേരള മൂല്യവർധിതനികുതി നിയമം, ആഡംബരനികുതി നിയമം, കാർഷികാദായ നികുതിനിയമം എന്നിവ പ്രകാരം 2010--11 വരെയുള്ള കുടിശ്ശിക ആംനെസ്റ്റി മുഖേന തീർക്കാൻ സൗകര്യമുണ്ടാകും. ഇതുപ്രകാരമുള്ള അപേക്ഷ സമർപ്പിക്കാനുള്ള കാലാവധി ജൂൺ 30ൽനിന്ന് സെപ്റ്റംബർ 30ലേക്ക് നീട്ടി. കുടിശ്ശിക ഡിസംബർ 31നുമുമ്പ് പ്രതിമാസ തുല്യഗഡുക്കളായി അടച്ചുതീർക്കണം.
സൗരോർജ പാനലുകൾ ഉൾപ്പെട്ട വർക്ക് കോൺട്രാക്ടുകളുടെ നികുതി 2013 മുതൽ ഒരുശതമാനമായി കുറച്ചു. കയറ്റുമതിക്കാർക്ക് വിൽക്കുന്ന പാക്കിങ് വസ്തുക്കൾക്ക് 2017 വരെ നികുതി ഇളവ് അനുവദിച്ചു. ബേക്കറി സാധനങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന കൊഴുപ്പിന് 2017 ഫെബ്രുവരി 22 വരെയുള്ള കാലയളവിലെ നികുതി അഞ്ച് ശതമാനമായി നിജപ്പെടുത്തി. അതിനുശേഷം 14.5 ശതമാനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.