കേരളത്തിൽ ബി.ജെ.പി വലിയ വിജയം നേടുമെന്ന് ഗോവ മുഖ്യമന്ത്രി; ന്യൂനപക്ഷങ്ങൾ പിന്തുണക്കും

ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി വലിയ വിജയം നേടും അതിന്​ ന്യൂനപക്ഷങ്ങളുടെ ഉൾപ്പെടെ പിന്തുണയുണ്ടാകണമെന്നും ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ്​ സാവന്ത്​. ബി.ജെ.പി കോട്ടയം ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ലോക്സഭ ഇലക്ഷൻ മാനേജ്​മെന്‍റ്​ കമ്മിറ്റി യോഗത്തിൽ പ​ങ്കെടുത്ത ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പി ഇക്കുറി 10​ സീറ്റിലെങ്കിലും ജയിക്കുമെന്നാണ്​ പ്രതീക്ഷ. കോട്ടയവും ഗോവയും തമ്മിൽ വളരെയധികം സാമ്യമുണ്ട്​. ഭൂപ്രകൃതിയിലും ഭക്ഷണക്കാര്യത്തിലും മാത്രമല്ല ഹിന്ദു, മുസ്​ലിം, ക്രിസ്ത്യൻ സമുദായങ്ങൾ ഒരുമിച്ച്​ പാർക്കുന്ന ഇടം കൂടിയാണിതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാറാണ്​ കേന്ദ്രത്തിലും ഗോവയിലുമായി പ്രവർത്തിക്കുന്നത്​. 2012 മുതൽ സംസ്ഥാനത്തുണ്ടായ വികസനത്തിനെല്ലാം കാരണം ഇതാണ്​. അത്തരത്തിലുള്ള വികസനം സാധ്യമാകാൻ കേരളീയരും പ്രത്യേകിച്ച്​ ന്യൂനപക്ഷാംഗങ്ങൾ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യണം. മോദിയുടെ ഗ്യാരന്‍റി ഉറപ്പുള്ള ഗ്യാരന്‍റിയാണ്​. അതിന്‍റെ ഫലമാണ്​ ഇന്ത്യയിലെങ്ങും ദർശിക്കാനാകുന്നത്​.

ദക്ഷിണേന്ത്യയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വികസനത്തിന്​ തുടക്കം കുറിക്കാനുള്ള ശരിയായ സമയമാണിപ്പോൾ. കേന്ദ്ര സർക്കാർ പ്രത്യേകിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൈയെടുത്ത്​ നിരവധി വികസന പ്രവർത്തനങ്ങളാണ്​ കേരളത്തിൽ നടപ്പിലാക്കിയത്​. ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വളരെ ആത്മവിശ്വാസത്തിലാണ്​. നരേന്ദ്രമോദിയിൽ കേരളത്തിലെ ജനത്തിനും വിശ്വാസം വർധിച്ചു. അത്​ തെര​ഞ്ഞെടുപ്പ്​ ഫലത്തിൽ പ്രകടമാകുമെന്നും പ്രമോദ്​ സാവന്ത്​ കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ല പ്രസിഡൻറ്​​ ജി. ലിജിൻലാലും സന്നിഹിതനായിരുന്നു. 

Tags:    
News Summary - Goa CM says BJP will win big in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.