ഫ്ലാറ്റിൽനിന്ന്​ ചാടി ജീവനൊടുക്കിയ സംഭവം: മിഹിറിനെ കുറ്റപ്പെടുത്തി ഗ്ലോബൽ പബ്ലിക് സ്കൂൾ

തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന്​ ചാടി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർഥിക്കെതിരെ ആരോപണങ്ങളുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ. മരിച്ച മിഹിർ അഹമ്മദ് സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്തക്കുറിപ്പിൽ സ്കൂൾ അധികൃതർ കുറ്റപ്പെടുത്തുന്നത്​. മുമ്പ്​ പഠിച്ച സ്കൂളിലുണ്ടായ പ്രശ്നത്തിന്‍റെ പേരിൽ ടി.സി നൽകിയതാണെന്നും ഒരു ചാൻസ് എന്ന രീതിയിൽ പ്രവേശനം അനുവദിച്ചതാണെന്നുമാണ് അറിയിപ്പിലുള്ളത്. എന്നാൽ സ്കൂളിന്‍റെ വിശദീകരണം അടിസ്ഥാനരഹിതമാണെന്ന്​ മിഹിറിന്‍റെ മാതാവ്​ പ്രതികരിച്ചിട്ടുണ്ട്​.

സ്കൂളിൽ വിദ്യാർഥി നേരിട്ടതായി മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ ആരോപണവിധേയരായ കുട്ടികൾക്കെതിരെ നടപടിയെടുക്കാൻ തെളിവുകളില്ലെന്നാണ്​ പത്രക്കുറിപ്പിൽ പറയുന്നത്​. എന്നാൽ, ക്ലോസറ്റിൽ തല താഴ്ത്തിവെച്ച് ഫ്ലഷ് ചെയ്യിപ്പിച്ചതായും മറ്റും പറഞ്ഞ് മിഹിറിന്‍റെ മാതാവ് നൽകിയ പരാതി സംബന്ധിച്ച് കുറിപ്പിൽ പരാമർശമൊന്നുമില്ല.

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മിഹിറിനെ പങ്കെടുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്​. സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങളിൽ ഉൾപ്പെടെ അവൻ സജീവമായിരുന്നു. ജീവനൊടുക്കിയ ദിവസം മിഹിർ ശാന്തനും സന്തോഷവാനുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളുണ്ട്​. മാതാവിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വരുമ്പോഴാണ് റാഗിങ് നടന്നുവെന്ന ആരോപണം സ്കൂൾ അറിയുന്നത്​. എന്നാൽ, സ്കൂൾ നടത്തിയ അന്വേഷണത്തിൽ അത്തരം ഒരു സംഭവം ഉണ്ടായതായി കണ്ടെത്താനായില്ലെന്നും കുറിപ്പിലുണ്ട്.

വിശദീകരണക്കുറിപ്പിലൂടെ സ്കൂള്‍ അധികൃതർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വാദം തെറ്റാണെന്നും മിഹിറിന്‍റെ മാതാവ്​ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ മകന്‍ ജീവനൊടുക്കില്ലായിരുന്നു. മുമ്പ്​ പഠിച്ച സ്കൂളില്‍നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - Global Public School Thiruvaniyoor blames Mihir Ahammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.