തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡിന് കോടികൾ നഷ്ടം വരുത്തിയെന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. വിജിലൻസ് പൂജപ്പുര യൂനിറ്റിലെ ഉദ്യോഗസ്ഥർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്തൻകോട്ടെ ആസ്ഥാനത്തെത്തി ഫയലുകൾ പരിശോധിച്ചു.
ദേവസ്വം കമീഷണറിൽനിന്നും അക്കൗണ്ട്സ് ഓഫിസറിൽനിന്നും വിശദാംശങ്ങൾ തേടി. 7.55 കോടി രൂപ ഒറ്റദിവസം കൊണ്ട് ചെലവായതെങ്ങനെ, നടക്കാത്ത ഭജനക്ക് ബിൽ, ഈവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് നൽകിയ തുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചതെന്നാണ് വിവരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ച്ചർ നൽകിയ ബില്ലുകളുടെ പകർപ്പും സംഘം ശേഖരിച്ചു. സ്പോൺസർമാർ, ബോർഡിന് ലഭിച്ച തുകയുടെ രേഖകൾ എന്നിവയും എടുത്തതായാണ് വിവരം.
എന്നാൽ, അയ്യപ്പസംഗമം നടത്തിയ വകയിൽ ബോർഡിന് നഷ്ടമൊന്നുമില്ലെന്നും പ്രാഥമിക ചെലവുകൾക്കായി നൽകിയ തുക ബോർഡിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെന്നും ദേവസ്വംബോർഡ് വൃത്തങ്ങൾ വിജിലൻസിനെ അറിയിച്ചു.
ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഐ.ഐ.ഐ.സിക്ക് നൽകിയത് അഡ്വാൻസ് മാത്രമാണെന്നും ബില്ലിന്റെ അടിസ്ഥാനത്തിലുള്ള തുക നൽകിയിട്ടില്ലെന്നും ബോർഡ് അധികൃതർ അറിയിച്ചു. 400 ബില്ലുകളാണ് ഐ.ഐ.ഐ.സി നൽകിയത്. കൂടുതൽ രേഖകൾ ഐ.ഐ.ഐ.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ഉടൻ ലഭിക്കുമെന്നും ബോർഡ് വിജിലൻസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ.ഐ.ഐ.സിയുടെ ചവറയിലെ ഓഫിസിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ തയാറാക്കാൻ ചുമതലപ്പെടുത്തിയ ദേവസ്വംബോർഡ് ടാസ്ക് ഫോഴ്സിന്റെ യോഗവും ദേവസ്വം ആസ്ഥാനത്ത് ചേർന്നു. ബില്ലുകൾ പരിശോധിക്കാൻ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിരുന്നെങ്കിലും ബോർഡിന്റെ അക്കൗണ്ട്സ് വിഭാഗമാണ് ബില്ലുകൾ പരിശോധിക്കുന്നത്. അവർ പരിശോധിച്ച് നൽകിയ ബില്ലുകൾ ടാസ്ക് ഫോഴ്സ് അംഗങ്ങൾ വിശദമായി പരിശോധിച്ചു. പല ബില്ലുകളുടെയും തുക കുറക്കണമെന്ന ആവശ്യം ഉന്നയിക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ടാസ്ക് ഫോഴ്സ് പരിശോധന നടത്തി തയാറാക്കുന്ന കണക്ക് ഹൈകോടതിയിൽ 27ന് സമർപ്പിക്കാനാകില്ല. അതിനാൽ കണക്ക് സമർപ്പിക്കാൻ രണ്ടാഴ്ച സമയം ചോദിക്കാനാണ് ദേവസ്വം തീരുമാനം.
സംഗമത്തിന്റെ നടത്തിപ്പുകാരായ ഈവന്റ് മാനേജ്മെന്റ് കമ്പനി ആവശ്യപ്പെട്ട തുക കൊടുക്കാനാകില്ലെന്നും അതനുസരിച്ച് കണക്കുകൾ ക്രമീകരിക്കണമെന്നുമാണ് ബോർഡ് ടാസ്ക്ഫോഴ്സിന് നൽകിയ നിർദേശം. അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് തയാറാക്കുന്നത്. ചെലവ് 4.99 കോടിയായി ക്രമീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബോർഡ്. അയ്യപ്പസംഗമം പ്രതിനിധികൾക്ക് നൽകിയ അപ്പം, അരവണ ഉൾപ്പെടെയുള്ളവയുടെ കണക്കുകളിൽ ക്രമീകരണം വരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.