തിരുവനന്തപുരം : സാധാരണക്കാരന്റെ വിഷമതകളെയും പ്രശ്നങ്ങളെയും തൊട്ടറിഞ്ഞ് പരിഹരിക്കുവാൻ ശ്രമിച്ച ജനനേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹാനുഭൂതിയും ആർദ്രതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അധികാരത്തിന്റെ ഔന്നിത്യങ്ങളിൽ ഭ്രമിക്കാതെ ആൾക്കൂട്ടത്തിന്റെ നടുവിൽ ജീവിച്ച നീതിമാനായ ഭരണാധികാരിയെന്ന അപൂർവ പ്രതിഭാസമായിരുന്നു ഉമ്മൻചാണ്ടിയെന്നും ജിജി തോംസൺ പറഞ്ഞു.
ആർദ്രത നിറഞ്ഞ സ്വഭാവ സവിശേഷത കൊണ്ട് ജനഹൃദയങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞ അസാധാരണ പ്രതിഭയായിരുന്നു ഉമ്മൻചാണ്ടി പോലീസുദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്കും പ്രത്യേക പരിഗണന നൽകിയ ഭരണാധികാരിയായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ് അനുസ്മരിച്ചു.
അധികാരത്തിലിരുന്നപ്പോഴും സാധാരണ പൗരനായി നിയമവാഴ്ചക്ക് വിധേയനായി വ്യത്യസ്തത കാണിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ അനുസ്മരിച്ചു. സഹകരണ സംഘം പ്രസിഡന്റ് ജി.ആർ.അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. മണികണ്ഠൻ നായർ, അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ.രാജൻ, കെ.ചന്ദ്രാനന്ദൻ, സംഘം വൈസ് പ്രസിഡന്റ് ആർ.ജി. ഹരിലാൽ ഭരണസമിതി അംഗങ്ങളായ ജി.ആർ രഞ്ജിത്ത്, വിധുകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.