സ്ഥാനാർഥികളുടെ പൂർണ വിവരങ്ങൾ അറിയാം, ഒറ്റ ക്ലിക്കിൽ

കൽപറ്റ: എണ്ണിയാൽ തീരാത്ത തദ്ദേശ വാർഡുകൾ. അതിൽതന്നെ കോർപറേഷൻ, ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, േബ്ലാക്ക്, വാർഡുകൾ... 72,005 സ്ഥാനാർഥികൾ. സ്വതന്ത്രർ മുതൽ പ്രധാന പാർട്ടികളുടെ ഘടാഘടിയന്മാർ വരെ. കുന്തം മുതൽ കുട വരെ ചിഹ്നങ്ങൾ... അമ്പമ്പോ കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിലേക്ക് ഊളിയിട്ടാൽ ആകെ കൺഫ്യൂഷൻതന്നെ. ഇതിനിടയിൽ സ്വന്തം വാർഡുകളിലെ സ്ഥാനാർഥികളെ പറ്റിയുള്ള മുഴുവിവരങ്ങളും അറിയാൻ സിമ്പിളായ വിദ്യയുണ്ട്. ഒറ്റ ക്ലിക്കിൽ സ്ഥാനാർഥിയുടെ സ്വത്തുവിവരങ്ങളും വിദ്യാഭ്യാസയോഗ്യതയടക്കം എല്ലാ കാര്യങ്ങളും അറിയാം.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ www.sec.kerala.gov.in/election/candidate/viewCandidate എന്ന വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. തുറന്നുവരുന്ന വിൻഡോയിൽ ജില്ല, ഏതു തദ്ദേശസ്ഥാപനം, വാർഡ് എന്നിവ തെരഞ്ഞെടുക്കണം. വിൻഡോയിൽ കാണുന്ന കാപ്ച കൂടി ചേർക്കണം. സെർച് ബട്ടൻ ക്ലിക്ക് ചെയ്താൽ ഉടനടി ആ വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചിത്രമടക്കം വരും. പേര്, വയസ്സ്, വിലാസം, പാർട്ടി, ചിഹ്നം എന്നിവ തെളിയും. സ്ഥാനാർഥിയുടെ പേരിന് വലതുഭാഗത്തുള്ള Action എന്ന ബട്ടൻ അമർത്തിയാൽ സ്ഥാനാർഥി നൽകിയ ഫോം 2, 2a എന്നിവ ഡൗൺലോഡ് ചെയ്യാം. ഇതിൽ സ്ഥാനാർഥിക്ക് കേസും കൂട്ടവുമുണ്ടോ, ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, കൈയിൽ എത്ര കാശുണ്ട്, ബാങ്കിൽ എത്ര പണമുണ്ട്, സ്ഥാനാർഥിയുടെയും ഭാര്യയുടെയും പേരിലുമുള്ള ഭൂമി, സ്വത്ത് വകകൾ തുടങ്ങിയ സകല വിവരങ്ങളുമുണ്ട്.

കേരളത്തിലെ 23,576 തദ്ദേശ വാർഡുകളിലെയും സ്ഥനാർഥികളുടെ വിവരങ്ങൾ ഇങ്ങനെ അറിയാം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച കഴിഞ്ഞ് അന്തിമ സ്ഥാനാർഥി പട്ടിക തയാറായപ്പോഴാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ സൗകര്യം പൊതുജനങ്ങൾക്ക്‍ ലഭ്യമാക്കിയത്. എന്നാലിനി, ഒരു കൈ നോക്കിയാലോ...? വോട്ടുകുത്താൻ ആഗ്രഹിച്ച സ്ഥാനാർഥി കേമനാണോയെന്ന്.... ഇല്ലെങ്കിൽ മാറ്റികുത്താലോ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2,56,934 ഉദ്യോഗസ്ഥർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പ് ജോലികൾക്കായി നിയോഗിക്കുന്നത് 2,56,934 ഉദ്യോഗസ്ഥരെ. 14 ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരും 28 അസിസ്റ്റന്റ് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരുമാണുള്ളത്. 1,249 റിട്ടേണിങ് ഓഫിസർമാർ, 1,321 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, 1,034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരും ചുമതലയിലുണ്ടാവും.

വോട്ടെടുപ്പ്, പോളിങ് സാമഗ്രി വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 1,80,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. സുരക്ഷ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതുനിരീക്ഷകരെയും 70 ചെലവ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫിസർമാർ, 184 ആന്റി-ഡിഫേസ്‌മെന്റ് സ്ക്വാഡുകൾ, 70 ജില്ലതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.

Tags:    
News Summary - Get complete information about candidates with just one click

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.