ചിന്ത രവി ഫൗണ്ടേഷൻ, ഫലസ്​തീൻ സോളിഡാരിറ്റി ഫോറം സംഘടനകൾ ​ചേർന്ന്​ എറണാകുളം വഞ്ചി സ്ക്വയറിൽ ഫലസ്തീന്​ ഐക്യദാർഢ്യം ​പ്രഖ്യാപിച്ച്​ നടത്തിയ ‘ഗസ്സയുടെ പേരുകൾ’ പരിപാടിയിൽ എൻ.എസ്​. മാധവൻ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്നു (ഫോട്ടോ: രതീഷ്​ ഭാസ്കർ)

‘ഗസ്സയുടെ പേരുകൾ’: ഓരോ വിളിയും നൊമ്പരമായി...

കൊച്ചി: ഇസ്രായേൽ വംശഹത്യയിൽ നിശ്ശബ്ദമായ ഗസ്സയിലെ കുഞ്ഞുജീവനുകൾക്ക് ഐക്യദാർഢ്യവുമായി ആയിരക്കണക്കിന് മൈലുകൾക്കിപ്പുറം എറണാകുളം വഞ്ചി സ്ക്വയറിൽ ഒരുകൂട്ടം ഹൃദയങ്ങൾ ഒരുമിച്ചു. ഗസ്സയിൽ മരിച്ച ഓരോ കുഞ്ഞിന്‍റേയും പേരുച്ചരിക്കുമ്പോൾ പ്രതിഷേധത്തിനുമപ്പുറം അത് ഒരു നൊമ്പരക്കാഴ്ചയായി. ഫലസ്തീൻ സോളിഡാരിറ്റി ഫോറം, ചിന്ത രവി ഫൗണ്ടേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഗസ്സയുടെ പേരുകൾ’ എന്ന ഐക്യദാർഢ്യ പരിപാടിയിൽ ഗസ്സയിൽ മരിച്ച 18,000 കുരുന്നുകളിലെ 1800 കുട്ടികളുടെ പേരുകൾ വായിച്ചു.

ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ സാവേശ് വീഡിയോ സന്ദേശത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ഗസ്സക്കാരോട് തങ്ങളുടെ ബന്ധുക്കൾ മരിച്ചോയെന്നല്ല, മറിച്ച എത്ര ബന്ധുക്കൾ മരിച്ചെന്ന് ചോദിക്കണ്ട അവസ്ഥയാണെന്നും തനിക്ക് ആദ്യം ഓർമ വരുന്നത് ജീവൻ പൊലിഞ്ഞ തന്‍റെതന്നെ ബന്ധുവായ ഒമർ ഫാരിസ് അബൂ സാവേശിനെയാണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ മരിച്ച പത്തോളം ബന്ധുകളുടെ പേരുകൾ കൂടി വായിച്ചാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്.

ഗസ്സയിൽ മരിച്ച അവസാന കുട്ടിയുടെയും പേര് വായിച്ചതിന് ശേഷം നവംബർ 15ന് പരിപാടി സമാപിക്കുമെന്ന് മുഖ്യ സംഘാടകരിൽ ഒരാളായ എഴുത്തുകാരൻ എൻ.എസ്. മാധവൻ പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, നയതന്ത്രജ്ഞനും പ്രഫസറുമായ വേണു രാജാമണി, മഹാരാജാസ് കോളജ് അധ്യാപിക റീം ഷംസുദ്ദീൻ, ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫ. കെ.പി. ശങ്കരൻ, കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം രേണു രാമനാഥൻ, നടൻ ഇർഷാദ്, എഴുത്തുകാരൻ മാങ്ങാട് രത്നാകരൻ, നടിമാരായ ജ്യോതിർമയി, ദിവ്യപ്രഭ, സംവിധായകൻ ആഷിക് അബു തുടങ്ങിയ എഴുപതോളം പേർ മരിച്ച കുട്ടികളുടെ പേരുകൾ വായിച്ചു.

ഫലസ്തീൻ, ലബനാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുടെ കലാരൂപമായ ദബ്കെ എം.ജി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ചു.

Tags:    
News Summary - gaza names kerala Palestine Solidarity Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.