ഗവിയിലേക്ക് ഉല്ലാസയാത്ര പോയ സംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് കത്തിയനിലയിൽ
പൊൻകുന്നം: മലപ്പുറത്തുനിന്ന് ഗവിയിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് തീപിടിച്ച സംഭവത്തിൽ യാത്രക്കാർക്ക് രക്ഷയായത് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ജീവനക്കാരുടെ ജാഗ്രത.
ബുധനാഴ്ച പുലർച്ചെ 3.40ഓടെ കോട്ടയം മണിമല ജങ്ഷൻ പിന്നിട്ടതിനു പിന്നാലെയുണ്ടായ അപകടത്തിൽ 28 യാത്രക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പുക ഉയരുന്നതുകണ്ട് യാത്രക്കാരെ മുഴുവൻ പുറത്തിറക്കി 10 മിനിറ്റിനുള്ളിൽ പൂർണമായി ബസിൽ തീപടർന്നു. മലപ്പുറം ഡിപ്പോയുടെ ആർ.എസ്.സി 698 സൂപ്പർ ഡീലക്സ് ബസിൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പഴയിടം കുന്നത്തുപുഴയിലായിരുന്നു ബുധനാഴ്ച പുലർച്ചെ അപകടം.
ബസിനു പിന്നാലായി സഞ്ചരിച്ച മീൻവണ്ടിയിലെ യാത്രക്കാർ ബസിന്റെ പിന്നിൽ പുകയുണ്ടെന്ന് അറിയിച്ചതോടെയാണ് ബസ് നിർത്തിയത്. യാത്രക്കാരെ പുറത്തിറക്കിയശേഷം കണ്ടക്ടർ ബിജുമോനും ഡ്രൈവർ ജിഷാദ് റഹ്മാനും ചേർന്ന് ബസിലെ ഫയർ എസ്റ്റിങ്ഷർ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചു. പിൻഭാഗത്ത് ഇടതുവശത്തെ ടയറിനു സമീപത്തുനിന്ന് പടർന്ന തീ 10 മിനിറ്റിനുള്ളിൽ ബസിലാകെ പടർന്നു. മണിമല പൊലീസ് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും ബസിൽ പൂർണമായി തീപടർന്നിരുന്നു. അഗ്നിരക്ഷാസേന എത്തി തീ പൂർണമായും അണച്ചു.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഗവി, പരുന്തുംപാറ, രാമക്കൽമേട് എന്നിവിടങ്ങളിലേക്ക് 28 യാത്രക്കാർ ഉൾപ്പെട്ട സംഘം പുറപ്പെട്ടത് ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ്. അപകടമറിഞ്ഞ് കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി ഉന്നതോദ്യോഗസ്ഥ സംഘം എത്തി അന്വേഷണം നടത്തി. കോർപറേഷൻ വിജിലൻസ് സംഘവും സ്ഥലത്തെത്തി. കണ്ടക്ടർ ബിജുമോനൊപ്പം യാത്രക്കാരെ പൊൻകുന്നം ഡിപ്പോയുടെ ബസിൽ ഗവിയിലേക്കയച്ചു. ഷോർട്ട് സർക്യൂട്ടോ ബ്രേക്ക് ലൈനർ തകരാറോ ആവാം കാരണമെന്ന് കരുതുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
മലപ്പുറം: പിറകിൽ സഞ്ചരിച്ചിരുന്ന മീൻലോറി ഓവർടേക്ക് ചെയ്തുവന്ന് കെ.എസ്.ആർ.ടി.സി ബസിന്റെ പിറകിൽനിന്ന് പുക ഉയരുന്നതായി മുന്നറിയിപ്പ് നൽകിയയുടൻ ബസ് ഡ്രൈവർ ജിഷാദ് റഹ്മാനും കണ്ടക്ടർ ബിജുമോനും മനസാന്നിധ്യം കൈവിടാതെ അവസരോചിതമായി പ്രവർത്തിച്ചാണ് യാത്രക്കാരെ വൻ ദുരന്തത്തിൽനിന്ന് രക്ഷിച്ചത്. ബസ് റോഡിന്റെ അരികുചേർത്തുനിർത്തിയ ശേഷം ജിഷാദും ബിജുമോനും ചേർന്ന് മുഴുവൻ യാത്രക്കാരെയും അതിവേഗം ബസിൽനിന്നിറക്കി. ലഗേജുകൾ ഉടൻ പുറത്തെത്തിച്ചു. ബാറ്ററി ബന്ധം വിഛേദിച്ച ശേഷം ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീയണക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല.
നിമിഷവേഗത്തിലാണ് യാത്രക്കാരെയും ബാഗേജുകളും പുറത്തെത്തിച്ചത്. ബസിന് അടിയിൽ തീ പടരുന്നതിടെ ബാഗേജുകൾ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് കണ്ടക്ടർ ബിജുമോൻ അറിയിച്ചു. സർവിസിനിടയിൽ ഇത്തരമൊരു അനുഭവം ആദ്യമായിരുന്നുവെന്ന് ജിഷാദ് പറഞ്ഞു. ഡ്രൈവ് ചെയ്യുമ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. ശബരിമലക്ക് അടക്കം പോയിട്ടുള്ള വണ്ടിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ജിഷാദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.