പത്തനാപുരം: ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന ഫലസ്തീൻ ഐക്യദാർഢ്യ കാമ്പയിനിൽ പങ്കുചേർന്ന് പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ. ഇന്ന് രാത്രി എട്ടോടെ മെഴുകുതിരി തെളിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ പുനലൂർ സോമരാജനോടൊപ്പമായിരുന്നു ഐക്യാദാർഢ്യ പ്രകടനം.
ഫലസ്തീനിലെ റഫയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുമ്പോൾ, ഐക്യാദാർഢ്യവുമായി മനുഷ്യർ ഒത്തുചേരുന്നത് തുടരുകയാണ്. പാർപ്പിടങ്ങൾ തകർന്ന് തെരുവിലാക്കപ്പെട്ടവരുടെ ടെന്‍റുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി കുട്ടികളും സ്ത്രീകളുമടക്കം വെന്തുമരിച്ചതോടെയാണ് ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന പ്രതിഷേധം ലോകമാകെ ഉയർന്നത്. ഇന്ത്യയിലാകട്ടെ രാഷ്ട്രീയ, സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ബോളിവുഡിൽ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കരീന കപൂർ, സോനം കപൂർ, വരുൺ ധവാൻ, റിച്ച ഛദ്ദ, പായൽ കപാഡിയ, സാമന്ത റൂത്ത് പ്രഭു, കൊങ്കണ സെൻ ശർമ, ആറ്റ്‌ലി, വീർ ദാസ്, ദിയ മിർസ, ത്രിപ്തി ദിംറി, ശിൽപ റാവു, ഭൂമി പെഡ്‌നേക്കർ, രാകുൽ പ്രീത് സിങ്, സ്വര ഭാസ്കർ, ഇല്യാന ഡിക്രൂസ്, നോറ ഫത്തേഹി തുടങ്ങിയവർ ഐക്യാദാർഢ്യ പോസ്റ്റർ പങ്കുവെച്ചിരുന്നു. കേരളത്തിൽ ദുൽഖർ സൽമാൻ, ഷെയിൻ നിഗം തുടങ്ങിയവരും ഐക്യാദാർഢ്യവുമായെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.