സജി ചെറിയാൻ, ജി.സുധാകരൻ

'എന്നോട് ഫൈറ്റ് ചെയ്തവരാരും വിജയിച്ചിട്ടില്ല, ഉപദേശിക്കാൻ മാത്രം യോഗ്യത സജി ചെറിയാനില്ല'; ജി.സുധാകരൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിമർശനങ്ങൾക്ക് രൂക്ഷമായ മറുപടി നൽകി മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ. തന്നെ ഉപദേശിക്കാനുള്ള യോഗ്യത സജി ചെറിയാനില്ലെന്നും തന്നോട് ഫൈറ്റ് ചെയ്തവരാരും വിജയിച്ചിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു. ജി. സുധാകരൻ പാർട്ടിയോട്​ ചേർന്നു പോകണണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് സുധാകരന്റെ വിമർശനം.

'ഞാൻ പാർട്ടിയോട് ചേർന്നല്ല പോകുന്നത്. പാർട്ടിക്കകത്താണ്. അത് തന്നെ സജി ചെറിയാന് പറയാൻ അറിയില്ല. പാർട്ടിയിൽ ഉന്നതമായ സ്ഥാനത്തെത്തിയിട്ടും മാർക്സിസ്റ്റ് ശൈലിയിൽ സംസാരിക്കാൻ അറിയില്ല. പാർട്ടിക്ക് യോജിക്കാത്ത 14കാര്യങ്ങൾ സജി ചെറിയാൻ പറഞ്ഞത് സംബന്ധിച്ച് വാർത്തയുണ്ടായിരുന്നു. ഇടക്ക് കുറിച്ച് കാലം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അയാളാണ് എന്നെ ഉപദേശിക്കുന്നത്. എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രത്യേയശാസ്ത്ര ബോധമോ അദ്ദേഹത്തിനില്ല.'-സുധാകരൻ പറഞ്ഞു.

പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്നോട് ഏറ്റു മുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. അത് നല്ലതിനല്ല. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പരാതി വന്നു. സജി ചെറിയാൻ അറിയാതെ പരാതി പോകുമോ. സജി ചെറിയാൻ അതിൽ പങ്കാളി അല്ലേയെന്നും ജി.സുധാകരന്‍ ചോദിച്ചു.

ജി.സുധാകരനെ വിമർശിച്ചതിന്റെ പേരിൽ തന്നെ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പറഞ്ഞ മുതിർന്ന സി.പി.എം നേതാവ് എ.കെ.ബാലനും സുധാകരൻ മറുപടി പറഞ്ഞു.

ഞാൻ രാഷ്ട്രീയത്തിലൂടെ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും പണ്ടെത്തെ പോലെ ഇപ്പോഴും ലളിത ജീവിതം നയിക്കുകയാണെന്നും സുധാകരൻ ബാലന് മറുപടിയായി പറഞ്ഞു.

'ആലപ്പുഴയില്‍ നടക്കുന്ന 'വളരെ നികൃഷ്ടവും മ്ളേച്ഛവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ ഈ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ എ.കെ. ബാലന്‍ ഒരക്ഷരം പറഞ്ഞിട്ടില്ല. ബാലനെപ്പോലെ മാറാന്‍ തനിക്ക് പറ്റില്ല. ബാലന്‍ തന്നെപ്പറ്റി ഒന്നും പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേവരെ ഒരു പ്രസ്താവനയിലും പൊതുവേദിയിലും ബാലനെതിരെ ഒന്നും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍, നികൃഷ്ടമായ, വൃത്തികെട്ട മാര്‍ക്‌സിസ്റ്റ് വിരുദ്ധ സംസ്‌കാരം ഇവിടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാതെ തന്നെ ഉപദേശിക്കാന്‍ വരുന്നത് എന്തിനാണ്' ജി.സുധാകരന്‍ ചോദിച്ചു.

സജി ചെറിയാന്റെ വിമർശനം

സുധാകരൻ പാർട്ടിക്ക്​ വത്യസ്ഥനല്ല. അ​ദ്ദേഹത്തിനെതിരെ നേരത്തെ വ്യക്​തിപരമായ അധിക്ഷേപമുണ്ടായി. ഞാൻ തന്നെ ഇടപെട്ട്​ അത്​ പരിഹരിച്ചു. വ്യക്​തിപരമായി ​ആക്ഷേപിക്കുന്നത് അംഗീകരിക്കില്ല. അത്​ പരിശോധിക്കും. നമുക്ക്​ ഏതുകാര്യവും എവിടെയും എപ്പോഴും പറയാൻ പറ്റില്ലല്ലോ. സുധാകരൻ പാർട്ടിക്ക്​ ഒരുപാട്​ സംഭാവന ചെയ്​തയാളാണ്​.

വ്യക്​തിപരമായി ആക്ഷേപിക്കപ്പെട്ടതിന്‍റെ ഭാഗമായാണ്​ കഴിഞ്ഞ ദിവസത്തെ​ അദ്ദേഹത്തിന്‍റെ പ്രതികരണമെങ്കിൽ തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ പാർട്ടി തയാറാണ്​. പാർട്ടിയിലെ ഏതെങ്കിലുമൊരു വ്യക്​തി പറഞ്ഞ വിഷയത്തിന്‍റെ അടിസ്​ഥാനത്തിലല്ല, പാർട്ടിക്ക്​ വേണ്ടിയാണ്​ അദ്ദേഹം സംസാരിക്കേണ്ടത്​. അതിലൂടെ പാർട്ടിയെ ശക്​തിപ്പെടുത്തണം. സുധാകരൻ ഉന്നയിച്ച വിഷയങ്ങളിലെ വസ്​തുത പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. 

Tags:    
News Summary - G. Sudhakaran criticizes Minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.