തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചെന്നൈയിലും ബംഗളൂരുവിലും തെളിവെടുപ്പ് പൂർത്തിയാക്കി പ്രത്യേക അന്വേഷണ സംഘം മടങ്ങി. സംഘം ഞായറാഴ്ച തിരുവനന്തപുരത്തെത്തി. അതേസമയം, കർണാടക കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. ശബരിമല ശ്രീകോവിലിന്റെ സ്വർണ വാതിൽ ബെല്ലാരിയിലും പ്രദർശിപ്പിച്ചെന്ന് വ്യവസായി ഗോവർധൻ പറഞ്ഞതിനാൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കും. ഉണ്ണികൃഷ്ണന് പോറ്റിയുടെ ബംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് മുഖ്യമായി പരിശോധിക്കുന്നത്. ഭൂമി ഇടപാടിന്റെ രേഖകൾ പോറ്റിയുടെ ഫ്ലാറ്റിൽനിന്ന് കണ്ടെടുത്ത സാഹചര്യത്തിൽ ഇതിന്റെ സാമ്പത്തിക ഉറവിടമാണ് തേടുക. പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയ ശേഷമാണ് റിയൽ എസ്റ്റേറ്റിൽ സജീവമായതെന്നാണ് കണ്ടെത്തൽ. കർണാടകയിലെ നിരവധി വ്യവസായികളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായുള്ള ഇടപാടുകളും അന്വേഷിക്കും.
2019ൽ പുതുക്കിപ്പണിത സ്വർണ വാതിൽ ശബരിമലയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബെല്ലാരിയിൽ എത്തിച്ചതെന്ന് വ്യവസായി ഗോവർധൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇവിടെ ആയിരങ്ങള്‍ ദര്‍ശനം നടത്തിയെന്നും പറയുന്നു. സ്വർണ വാതിൽ പണിത് നൽകിയത് താനാണെന്നും ഗോവർധന് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി വഴിയാണ് വാതിൽ സമർപ്പിക്കാൻ അവസരം ലഭിച്ചതെന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തെയും ഇയാൾ അറിയിച്ചു. ഗോവർധനെ പ്രധാന സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ഗോവർധന്റെ സ്വർണാഭരണ ശാലയിൽനിന്ന് പിടിച്ചെടുത്ത സ്വർണം ശബരിമലയിൽനിന്നുള്ളതാണോയെന്ന് പരിശോധിക്കാൻ നടപടി തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കും. ഇതിനുമുമ്പ് പരമാവധി തെളിവ് ശേഖരിക്കാനുള്ള ഊർജിത ശ്രമത്തിലാണ് അന്വേഷണ സംഘം. വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുന്ന കാര്യത്തിൽ അടുത്ത ദിവസം തീരുമാനമെടുത്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.