വാളയാർ കേസിൽ തുടരന്വേഷണത്തിന്​ അനുമതി

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. റെയില്‍വേ എസ്.പി. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണിത്. പ്രതികളായ വി. മധു, ഷിബു എന്നിവരുടെ കസ്​റ്റഡി കാലാവധി ഫെബ്രുവരി 15 വരെ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. മറ്റൊരു പ്രതി എം. മധു ഹൈകോടതി നൽകിയ ജാമ്യത്തിലാണ്.

പുനർവിചാരണയടക്കമുള്ള കാര്യങ്ങളിൽ പോക്‌സോ കോടതിയെ സമീപിക്കാമെന്ന് ഹൈകോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിലാണ് വീണ്ടും ഇവിടെ നടപടി ആരംഭിച്ചത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

2017 ജനുവരി 13ന് പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയെയും തുടർന്ന്​ അതേ വര്‍ഷം മാര്‍ച്ച് നാലിന് ഒമ്പതു വയസ്സുള്ള ഇളയ സഹോദരിയെയും അട്ടപ്പള്ളത്തെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതാണ്​ കേസിന്​ തുടക്കം.

അന്വേഷണത്തിനും വിചാരണക്കുമൊടുവില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന്​ കാണിച്ച് 2019ല്‍ കോടതി പ്രതികളെ വെറുതെവിട്ടു. തുടര്‍ന്ന്, പെണ്‍കുട്ടികളുടെ അമ്മ ഹൈകോടതിയെ സമീപിച്ചു. പ്രോസിക്യൂഷ​െൻറ വീഴ്ച വിവാദമായതോടെ സര്‍ക്കാറും അപ്പീല്‍ നല്‍കി. തുടര്‍ന്ന് പ്രതികളെ വെറുതെവിട്ട വിചാരണ കോടതിവിധി ഹൈകോടതി റദ്ദാക്കി. കേസ് പുനര്‍വിചാരണക്ക്​ പാലക്കാട് പോക്‌സോ കോടതിയിലേക്ക് വിടുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.