അടിമാലി മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയോടെ മൃതദേഹം കുടുംബ വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു സംസ്‌കാരം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്ക്കാരം.
ആലുവ രാജഗിരി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് ബിജുവിന്റെ ഭാര്യ സന്ധ്യ. ഭര്‍ത്താവ് മരിച്ച വിവരം സന്ധ്യ അറിയിഞ്ഞിട്ടില്ല.
അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എൻ.എച്ച് 85 ലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീം രൂപികരിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് ജില്ലാ ഓഫിസര്‍, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ദേശീയപാത അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ദേവികുളം തഹസില്‍ദാര്‍ എന്നിവര്‍ക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാലു ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.
മണ്ണിടിച്ചിലിൽ ബിജു മരിച്ച സംഭവത്തില്‍ കൈകഴുകി ദേശീയപാതാ അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമാണവും നടന്നിരുന്നില്ലെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിജുവും ഭാര്യയും അപകടത്തില്‍പ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടില്‍ പോയപ്പോഴാണെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വാദം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. കൂമ്പന്‍പാറ ലക്ഷം വീട് ഉന്നതിയില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കൂറ്റന്‍ കുന്ന് അടര്‍ന്ന് താഴെക്ക് പതിക്കുകയായിരുന്നു. ബിജുവിന്റെ ഉള്‍പ്പെടെ ആറ് വീടുകള്‍ മണ്ണിനടിയിലായി.
മണ്ണിടിച്ചില്‍ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മാറ്റിപ്പാര്‍പ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തില്‍ പെട്ടത്. വീടിന്റെ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ഇരുവര്‍ക്കുമായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ സന്ധ്യയെ ജീവനോടെ പുറത്തെടുത്തത്. എന്നാല്‍ ബിജുവിനെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.