മംഗളൂരു: ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ രസകരമായ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മംഗളൂരു സ്വദേശിയും ചെന്നൈയിൽ പി.ജി വിദ്യാർഥിയുമായ കെ. സുമന്ത് (23) ആണ് ആന്ധ്രപ്രദേശിൽ തിരുപ്പതി ജില്ലയിലെ തലകോണ വെള്ളച്ചാട്ടത്തിൽ ചാടി മരണത്തിൽ കലാശിച്ചത്.
പാറക്കെട്ടിൽ നിന്ന് ചാടുന്ന രംഗം പകർത്തി വെള്ളത്തിൽ മലർന്നു കിടന്ന് നീന്തുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ സുമന്ത് താഴ്ന്നു പോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സുമന്തും സുഹൃത്തുക്കളും സാഹസിക യാത്രയുടെ ഭാഗമായി തിരുപ്പതിയിൽ എത്തിയത്. വെള്ളത്തിൽ താഴ്ന്നുപോയ സുമന്തിനായി കൂട്ടുകാർ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. ഉടൻ യർറവരിപാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസും നീന്തൽ വിദഗ്ധരും ചേർന്ന് തെരഞ്ഞെങ്കിലും കൂരിരുട്ട് തടസമായി.
രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. തല വെള്ളച്ചാട്ടത്തിനടിയിലെ പാറകൾക്കിടയിൽ കുടുങ്ങി അനങ്ങാൻ കഴിയാതെയാണ് സുമന്തിന്റെ മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പെലുരു ഗവ. ആശുപത്രിയിലേക്ക് മാറ്റി. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.