തിരുവനന്തപുരം : നാഗർകോവിൽ -കോട്ടയം എക്സ്പ്രസിന്റെ തിരുവനന്തപുരം സെൻട്രലിലെ സമയമാറ്റം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്ക് ശേഷം വൈകുന്നേരം 05.15 നുള്ള ചെന്നൈ മെയിൽ മാത്രമാണ് നിലവിൽ റെഗുലർ സർവീസ് നടത്തുന്നത്.
02. 35ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ് 02.50 ന് പുറപ്പെടുന്ന ജനശതാബ്ദിയ്ക്കും മൂന്നുമണിയ്ക്ക് പുറപ്പെടുന്ന ചെന്നൈ മെയിലിനും വേണ്ടി കൊച്ചുവേളിയിലും മറ്റും പിടിച്ചിടുന്നതിനാൽ ദീർഘദൂര യാത്രക്കാർക്ക് ഈ സർവീസ് പ്രയോജനപ്പെടുന്നില്ല. 16366 കോട്ടയം എക്സ്പ്രസ്സിന്റെ സമയം മൂന്നുമണിയ്ക്ക് ശേഷം ക്രമീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് കേവലം 61 കിലോമീറ്റർ മാത്രമുള്ള കൊല്ലം സ്റ്റേഷനിലേയ്ക്ക് സഞ്ചരിക്കാൻ രണ്ടുമണിക്കൂർ 40 മിനിറ്റാണ് കോട്ടയം എക്സ്പ്രസ്സിന് നൽകിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകി പുറപ്പെട്ടാൽ ഇടയ്ക്കുള്ള അനാവശ്യ പിടിച്ചിടൽ ഒഴിവാകുകയും കൂടുതൽ യാത്രക്കാർക്ക് ഈ സർവീസ് ഉപകാരപ്പെടുകയും ചെയ്യും. ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതിനാൽ അൺ റിസേർവ്ഡ് എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ഇപ്പോൾ ആവശ്യക്കാരേറുകയാണ്.
ജനുവരി രണ്ട് മുതൽ കോട്ടയം എക്സ്പ്രസ് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സമയം 05.20 ലേയ്ക്ക് മാറ്റിയിരുന്നു. കൊല്ലം സ്റ്റേഷനെ ആശ്രയിക്കുന്നവർക്ക് ഈ തീരുമാനം വളരെയേറെ ആശ്വാസകരവും പ്രയോജനകരവുമായപ്പോൾ തിരുവനന്തപുരം സെൻട്രലിലെ യാത്രക്കാരുടെ ദുരിതത്തിന് ദൈർഘ്യം കൂടുകയായിരുന്നു. ഈ ട്രെയിൻ മൂന്നുമണിയ്ക്ക് ചെന്നൈ മെയിലിനു ശേഷം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കോട്ടയം വരെയുള്ളവർക്ക് ഈ സർവീസ് ഏറെ അനുഗ്രഹമാകും.
പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ശ്രേണിയിലേയ്ക്ക് ഉയർത്തിയപ്പോൾ നിരക്കിൽ മാത്രം വാർധനവ് വരുത്തിയ റെയിൽവേ യാത്രക്കാരുടെ സമയത്തിനും മൂല്യം നൽകണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.