കബീർ
തൃത്താല/പട്ടാമ്പി: തൃത്താല കണ്ണനൂർ കരിമ്പനക്കടവിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെയും സമാന നിലയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങല്ലൂർ കാരക്കാട് തേനോത്ത് പറമ്പിൽ അഹമ്മദ് കബീറിനെയാണ് (27) ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടത്.
വ്യാഴാഴ്ച കൊല്ലപ്പെട്ട കൊണ്ടൂർക്കര അൻസാറിന്റെ (25) സുഹൃത്താണ് അഹമ്മദ് കബീർ. അൻസാറിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കളും ഓങ്ങല്ലൂർ സ്വദേശികളുമായ മുസ്തഫയും അഹമ്മദ് കബീറുമാണെന്ന നിഗമനത്തില്‍ മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, മുസ്തഫ കുറ്റം നിഷേധിക്കുകയും കബീറാണ് പ്രതിയെന്ന് മൊഴി നൽകുകയും ചെയ്തു. തുടർന്ന് കബീറിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
വെള്ളിയാഴ്ച ഉച്ചയോടെ പുഴയോരത്ത് കബീറിന്റെ കണ്ണടയും മൊബൈൽ ഫോണും കണ്ടതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മീൻ പിടിക്കാനെത്തിയ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ്, ഷൊർണൂർ ഡിവൈ.എസ്.പി സി. ഹരിദാസ് എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. കൊല്ലപ്പെട്ട അഹമ്മദ് കബീറിന്റെ മാതാവ്: ആമിന, പിതാവ്: ഇസ്മായിൽ. കഴിഞ്ഞദിവസം മരിച്ച അന്‍സാര്‍ റോഡിന് സമീപം പാര്‍ക്ക് ചെയ്ത കാറിന് അടുത്ത് നില്ക്കുന്നതും മൂവര്‍ സംഘം ബൈക്കലെത്തി വെട്ടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.