ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ഉപാധികളോടെ പ്രവർത്തനാനുമതി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിന് ഉപാധികളോടെ പ്രവർത്തനാനുമതി. കലക്ടർ വിളിച്ചുചേർത്ത ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ഡി.എല്‍.എഫ്.എം.സി) ചര്‍ച്ചയിലാണ് തീരുമാനമായത്.

പ്ലാന്‍റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണിൽനിന്ന് 20 ടണ്ണായി കുറയ്ക്കും, പഴകിയ അറവുമാലിന്യങ്ങൾ പ്ലാന്‍റിലേക്ക് കൊണ്ടുവരരുത്, ദുർഗന്ധം കുറയ്ക്കുന്നതിന് വൈകുന്നേരം ആറു മുതൽ രാത്രി 12 വരെ മാത്രം... എന്നിങ്ങനെയാണ് ഉപാധികൾ.

നിലവില്‍ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വിഷയത്തില്‍ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ഇന്നലെ സര്‍വകക്ഷി യോഗം ചേര്‍ന്നു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കാനും അനാവശ്യ ഇടപെടലുകളും റെയ്ഡുകളും ഒഴിവാക്കാനും കലക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഡി.എല്‍.എഫ്.എം.സിയുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ തുടര്‍പരിശോധനകള്‍ നടത്താമെന്നും, ദുര്‍ഗന്ധത്തിന് കാരണം കണ്ടെത്താന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും കലക്ടർ പറയുന്നു. നിയമലംഘനം കണ്ടെത്തിയാൽ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ജില്ല ഭരണകൂടം ക്രിമിനലുകള്‍ക്കൊപ്പമല്ലെന്നും നാട്ടുകാര്‍ക്കൊപ്പമാണെന്നും കലക്ടര്‍ പറഞ്ഞു. സമരത്തില്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയവരെ തിരിച്ചറിയുന്ന നിലയിലേക്ക് അന്വേഷണം കടന്നിട്ടുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യുമെന്നും കോഴിക്കോട് റൂറല്‍ പൊലീസ് അഡീഷനല്‍ സൂപ്രണ്ട് എ.പി. ചന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു.

Tags:    
News Summary - Fresh cut waste center granted operating permission with conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.