പി.എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എം.ഒ.യു ഒപ്പിടണം; കേന്ദ്രത്തിൽ നിന്ന് കോടിയുടെ സഹായം ലഭിക്കുമെന്നും ആർ. ശ്രീലേഖ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പിടണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസ ഭാവി ബലികൊടുക്കരുതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ പഠനം, സ്മാർട്ട് ക്ലാസ്റൂമുകൾ, അധ്യാപക പരിശീലനം തുടങ്ങിയ ലക്ഷ്യങ്ങളോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പി.എം ശ്രീയെന്നും, ഇതിലൂടെ വിദ്യാലയങ്ങൾക്ക് വലിയ മുന്നേറ്റം സാധ്യമാക്കാൻ കഴിയുമെന്നും ബി.ജെ.പി ചൂണ്ടിക്കാണിച്ചു. എന്നാൽ പദ്ധതി വൈകിപ്പിക്കുന്നത് വഴി സംസ്ഥാനത്തിന് അർഹമായ കേന്ദ്രസഹായം നഷ്ടപ്പെടുന്നുണ്ടെന്നും, ഏകദേശം 1500 കോടി രൂപയുടെ നഷ്ടം ഇതിനോടകം ഉണ്ടായെന്നും കണക്കുകൾ ഉദ്ധരിച്ച് അവർ ആരോപിച്ചു.
വിദ്യാഭ്യാസ വികസനം ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മാറ്റിവെക്കരുതെന്നും, രാജ്യത്തെ വിദ്യാഭ്യാസ രംഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ കുട്ടികളെ പിന്നിലാക്കുന്നത് നീതിയല്ലെന്നും ബി.ജെ.പി വ്യക്തമാക്കി. രാഷ്ട്രീയം എന്തുതന്നെയായാലും വികസനത്തിന് തടസ്സമാകരുതെന്നും, എത്രയും വേഗം എം.ഒ.യു ഒപ്പിട്ട് കുട്ടികൾക്ക് ലഭിക്കേണ്ട കേന്ദ്രസഹായം ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.