രമ്യ ഹരിദാസ് ഉൾപ്പെട്ട തമ്മിലടിയിൽ കോൺഗ്രസ് അന്വേഷണം; എം.എം. ഹസന്‍റെ നേതൃത്വത്തിൽ മൂന്നംഗ സമിതി
തിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി ഗൗരവമായി കാണുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും വ്യക്തമാക്കി.
കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം. ഹസൻ അധ്യക്ഷനായ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി. നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി, തെറ്റുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സണ്ണി ജോസഫ് ഉറപ്പുനൽകി. പ്രശ്നം പാർട്ടിയിൽതന്നെ പരിഹരിക്കാനും നിയമനടപടികളും അറസ്റ്റും ഒഴിവാക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
അന്വേഷണത്തിന്റെ ഭാഗമായി ഇരുകൂട്ടരോടും ഞായറാഴ്ച നേരിട്ട് ഹാജരാകാൻ സമിതി നിർദേശം നൽകിയെന്നാണ് വിവരം. അതേസമയം, കോൺഗ്രസ് ജനപ്രതിനിധികൾ തമ്മിലെ സംഘർഷത്തിൽ 14 പേർക്കെതിരെ കേസെടുത്തു. രമ്യ ഹരിദാസ് എം.എൽ.എയുടെ പരാതിയിലാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്. കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളുമായ സജിത്ത് മുട്ടപ്പലം, സജാദ്, ബിനോയി, അധീഷ്, വിശ്വനാഥ്, സജേഷ് എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന എട്ടുപേരുടെ പേരിലുമാണ് കേസ്. എം.എൽ.എയെ ആക്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി സംരക്ഷണ നിയമ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി. രമ്യ ഹരിദാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെയെത്തി പൊലീസ് എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്.
അതേസമയം, കോൺഗ്രസ് പ്രാദേശിക നേതാവ് സജാദും ഭാര്യയും ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രമ്യ ഹരിദാസ് എം.എൽ.എ, പേഴ്സണൽ സ്റ്റാഫുകൾ, പാളയം പ്രദീപ് എന്നിവരുടെ പേരുകളിലാണ് പരാതി. വീട്ടിൽ കയറി അതിക്രമം കാട്ടുകയും മകൾ ഉൾപ്പെടെയുള്ളവരെ അപമാനിക്കുകയും ചെയ്തുവെന്നാണ് ഇതിൽ പറയുന്നത്. എന്നാൽ, ഈ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ എം.എൽ.എയുടെ ബിനാമിക്ക് എന്തുകാര്യമെന്ന ചോദ്യമുയർത്തി സജാദ് കോൺഗ്രസിന്റെ പ്രാദേശിക ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് ചോദ്യം ചെയ്യാൻ എം.എൽ.എയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും എത്തി. പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ല പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലവും കോൺഗ്രസ് പ്രാദേശി നേതാക്കളും ഇവിടെ എത്തി. തുടർന്ന് വീട്ടിൽ തർക്കവും എം.എൽ.എയും ജില്ല പഞ്ചായത്ത് അംഗവും തമ്മിൽ കൈയാങ്കളിയും നടന്നു. വെള്ളിയാഴ്ച രാത്രിയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രമ്യയെ ശനിയാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.