അധ്യാപക നിയമനം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കി ഉടന്‍ നിയമന അംഗീകാരം നല്‍കുമെന്ന് മന്ത്രി ഷംസുദ്ദീന്‍
കോഴിക്കോട്: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ടിരുന്ന 1600 ഓളം അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് പരിഹരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന്‍. സംസ്ഥാന അധ്യാപക ദിനാഘോഷം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയമന നടപടികള്‍ സുതാര്യമാക്കുന്നതിനും തടസ്സമില്ലാതെ പൂര്‍ത്തിയാക്കുന്നതിനുമായി എല്ലാ സ്‌കൂളുകളിലും ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെക്കേണ്ട നാല് ശതമാനം പോസ്റ്റുകള്‍ കൃത്യമായി രേഖപ്പെടുത്തും. എല്ലാ സ്‌കൂളുകളിലെയും നിയമനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പ്രത്യേക റോസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുന്നതിനായി സുപ്രീം കോടതിയില്‍ ക്യുറേറ്റീവ് ഹരജി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ ശാരീരിക ആരോഗ്യത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി കായിക അധ്യാപകരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരെ നിയമിക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന 500 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന പരിധി 300 ആയി കുറച്ചിരുന്നു. പരമാവധി വിദ്യാലയങ്ങളില്‍ കായിക അധ്യാപകരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന വിഷയം പ്രത്യേക സമിതിയുടെ പരിഗണനയിലാനെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്കായി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ആദ്യമായാണ് ഏര്‍പ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്ന സമ്മാനത്തുക. വ്യക്തിഗത അധ്യാപക പുരസ്‌കാരങ്ങളുടെ തുക നിലവില്‍ കുറവാണെന്നും, അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ അധ്യാപക അവാര്‍ഡ് തുക ഗണ്യമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിവരസാങ്കേതികവിദ്യയും വേഗത്തില്‍ വളരുന്ന കാലഘട്ടത്തില്‍ അധ്യാപകരുടെ പങ്ക് വഴികാട്ടികളുടേതായി മാറിക്കഴിഞ്ഞു. കേവലം പാഠപുസ്തക പഠനത്തിനപ്പുറം ബിസിനസ് മാനേജ്മെന്റ്, കൃഷി, മറ്റ് തൊഴില്‍ നൈപുണ്യങ്ങള്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ആധുനികവത്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോടും കലോത്സവം എറണാകുളം ജില്ലയിലും നടക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് വെബ്‌സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. എഐ ചാറ്റ് സംവിധാനം ഉള്‍പ്പെടെയുള്ളതാണ് ഈ വെബ്‌സൈറ്റ്. സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും മികച്ച സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി. എം കെ രാഘവന്‍ എം പി, പി കെ ഫിറോസ് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. ഡി സജിത് ബാബു, വകുപ്പ് ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യുകെ അബ്ദു നാസര്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ കെ കെ മഷൂദ്, എസ് എസ് കെ പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ മോഹന്‍കുമാര്‍, എസ് ഐ ഇ ടി ഡയറക്ടര്‍ സിബി മുഹമ്മദ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ എസ് ഷിബു, ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ കെ വി മനോജ്, പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി എസ് അമൃത, കോഴിക്കോട് ആര്‍ ഡി ഡി എസ് സുധ, ഡിപിസി നിസാര്‍ ചേലേരി, വി എച്ച് എസ് ഇ അസി. ഡയറക്ടര്‍ കെ റസീന തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.