തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിന്‍റെ ജനപ്രീതി ഉയർത്തിയ പ്രധാന പ്രവർത്തനമായിരുന്നു സൗജന്യ ഭക്ഷ്യകിറ്റ് വിതരണം. കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങൾക്ക് നൽകിയ കിറ്റുകൾ ഏറെ ഉപകാരപ്രദമായിരുന്നു. സ്വർണക്കടത്തും സ്പ്രിൻക്ലർ വിവാദവുമെല്ലാം കത്തിനിന്ന സമയത്തും ഇത്തരം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ വഴി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം നേടാനായി.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയിലും ഭക്ഷ്യകിറ്റിന് മുഖ്യ പരിഗണനയാണ് നൽകിയിരിക്കുന്നത്. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകുമെന്നാണ് യു.ഡി.എഫ് വാഗ്ദാനം.
ലോകോത്തരവും ഐശ്വര്യ പൂർണവുമായ കേരളം സൃഷ്ടിക്കാനുള്ള രൂപരേഖയാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന പ്രകടന പത്രികയെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ജനങ്ങളിൽനിന്ന് ആശയം സ്വീകരിച്ച് അവരുടെ അഭിലാഷങ്ങൾക്കനുസരിച്ചാണ് പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റുകൾ, വിവിധ മേഖലയിലുള്ളവർക്ക് സാമ്പത്തിക-വായ്പാ സഹായം, സുതാര്യമായ ഭരണസംവിധാനം, കേരളത്തിന്‍റെ സമഗ്രവികസനം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതായും നേതാക്കൾ പറയുന്നു.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
- സമ്പൂർണ ന്യായ് പദ്ധതി വഴി പാവപ്പെട്ട കുടുംബങ്ങൾക്ക് മാസന്തോറും 6000 രൂപ. ഇതുപ്രകാരം ഒരു വർഷം 72,000 രൂപ നൽകും.
- ക്ഷേമ പെൻഷൻ കാലാനുസൃതമായി 3000 രൂപയാക്കും. ശമ്പള പരിഷ്കരണ കമീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ പരിഷ്കരണ കമീഷൻ രൂപീകരിക്കും.
- ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40നും 60നും ഇടയിലുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ.
- ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവക്ക് സംസ്ഥാന നികുതിയിൽനിന്നും ഇന്ധന സബ്സിഡി.
- എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം.
- സൗജന്യ റേഷൻ പുനഃസ്ഥാപിക്കും. എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ച് കിലോ സൗജന്യ അരി നൽകും.
- ചികിത്സാ ചെലവ് പേടിക്കാതിരിക്കാൻ കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ.
- കാരുണ്യ ചികിത്സ പദ്ധതി പുനരാരംഭിക്കും.
- മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും പെൻഷൻ അവകാശമാക്കും.
- പ്രധാന റോഡുകളിൽ ഓരോ 50 കിലോമീറ്ററിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ.
- കോവിഡ് കാരണം നഷ്ടത്തിലായ വിനോദ സഞ്ചാര മേഖലക്ക് പ്രത്യേക പാക്കേജ്.
- അഞ്ച് ലക്ഷം പേർക്ക് വീട് നൽകും.
- റബർ 250 രൂപ, നെല്ല് 30 രൂപ, നാളികേരം 40 രൂപ എന്നിങ്ങനെ കർഷകർക്ക് താങ്ങുവില നൽകും.
- ഭിന്നശേഷിക്കാർക്ക് വാഹനം വാങ്ങാൻ പ്രത്യേക പദ്ധതിയും വായ്പയും.
- ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും.
- ഹർത്താൽ നിയന്ത്രണ നിയമം നടപ്പാക്കും.
- തെളിനീർ ജലാശയങ്ങൾക്കായി ജല കമീഷൻ.
- വിദ്യാർഥികൾക്ക് വിദേശത്തും ഇന്ത്യയിലുമുള്ള ഉപരിപഠനത്തിന് കെ.ആർ. നാരായണൻ സ്കോളർഷിപ്പ്.
- എല്ലാ വർഷവും പ്രത്യേക കാർഷിക ബജറ്റ്.
- അഴിമതി തടയാൻ സംസ്ഥാന വിജിലൻസ് കമീഷൻ.
- മലയോര മേഖലയിൽ അർഹരായവർക്കെല്ലാം കൈവശഭൂമിക്ക് പട്ടയം.
- വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളെയും ബഫർസോണിൽനിന്ന് ഒഴിവാക്കാൻ നടപടി.
- സംസ്ഥാനത്ത് അറബിക് സർവകലാശാല രൂപീകരിക്കും.
- തിരുവനന്തപുരം മുതൽ കാസർകോട് വരെ ആറുവരിപ്പാത.
- തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ.
- കൊച്ചി മെട്രോ രണ്ടാംഘട്ടം വേഗത്തിൽ പൂർത്തിയാക്കും.
- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അഞ്ച് വർഷം കൂടുേമ്പാൾ സമഗ്ര ശമ്പള പരിഷ്കരണം.
- പി.എസ്.സി ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി.
- സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ വേതന സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.