കോഴിക്കോട്: ഡൽഹി നിസാമുദ്ദീൻ മർകസിൽ തബ്‌ലീഗ് ജമാഅത് സംഘടിപ്പിച്ച സമ്മേളനത്തിന്‍റെയും കോവിഡ്-19 ബാധയുടെയും പശ്ചാത്തത്തിൽ മുസ്‌ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്‍റ് ഷംസീർ ഇബ്റാഹിം. രാജ്യത്തെ ഭരണകൂടവും ചില മാധ്യമങ്ങളും നിക്ഷിപ്ത താല്പര്യത്തോടെ നടത്തുന്ന വിദ്വേഷ പ്രചരണം നികൃഷ്ടവും പ്രതിഷേധാർഹവുമാണ്. കോവിഡ് കാലത്ത് ഒഴിവാക്കേണ്ട സമ്മേളനമായിരുന്നു നിസാമുദ്ദീനിൽ നടന്നത്. എന്നാൽ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ മറവിൽ വംശീയതയെയും മുസ്‌ലിം വിരുദ്ധതയെയും വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കപ്പെടണം.
ആഭ്യന്തര - അന്തർദേശീയ വിമാന സർവീസുകൾക്കും യാത്രകൾക്കും സർക്കാറുകളോ അധികൃതരോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് നിസാമുദ്ദീൻ മർകസിൽ സമ്മേളനം നടക്കുന്നത്. ആവശ്യം വേണ്ട മുൻകരുതൽ നടപടികളും ബോധവത്കരണ ശ്രമങ്ങളും നടത്തുന്നതിൽ സംഘാടകരെ പോലെ സർക്കാർ സംവിധാനങ്ങൾക്കും വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ട്. പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്ന മലയാള മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടികൾ കൈക്കൊള്ളുകയും വേണം -അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.