??????? ??????? ??????? ?????????? ????? ?????????? ???????? ??????.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സമ്മേളനം

എറണാകുളം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ സംഘ്പരിവാർ - ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി എറണാകുളം ഫാത്തിമാ ലത്തീഫ് നഗറിൽ (വഞ്ചി സ്ക്വയർ) ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും വംശീയതയുടെയും രാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കാൻ സാഹോദര്യത്തെ രാഷ്ട്രീയ മുദ്രാവാക്യമായി കാമ്പസുകൾ ഏറ്റെടുക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

കേന്ദ്രത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണകൂടത്തിന്‍റെ അടിസ്ഥാനം തന്നെ വംശീയ ഉന്മൂലനമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്‍റെ അവസാനത്തെ ഉദാഹരണം മാത്രമാണ് പൗരത്വ ഭേദഗതി ബിൽ. ഇന്ത്യയെ വംശീയ വിദ്വേഷത്തിന്‍റെയും ഇരട്ട പൗരത്വത്തിന്‍റെയും പരീക്ഷണ ഭൂമിയാക്കി മാറ്റുവാനാണ് ഭരണകൂടം പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. വർഗീയ ധ്രുവീകരണ അജണ്ടകളിലൂടെ ഒരു സമൂഹത്തെ പൂർണമായി പൈശാചികവൽകരിക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്‍റെ ശ്രമങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയ മുന്നേറ്റം ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ, ഈയിടെ അന്തരിച്ച പ്രൊഫസർ എസ്.എ.ആർ ഗീലാനിയുടെ മക്കൾ അഡ്വ. നുസ്റത്ത് ഗീലാനിയും ആത്തിഫ് ഗീലാനിയും മുഖ്യാതിഥികളായിരുന്നു. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും പുതിയ പോരാട്ടങ്ങൾ ക്യാമ്പസുകളിൽ നിന്നുയർന്നു വരുന്നത് പ്രതീക്ഷാവഹമാണെന്ന് അഡ്വ. നുസ്‌റത് ഗീലാനി പറഞ്ഞു. രോഹിതും നജീബും പകർന്നു നൽകിയ പോരാട്ടവീര്യത്തിൽ നിന്നും ഉയിരെടുത്ത ജെ.എൻ.യുവിലെ പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ കുറിച്ച് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു - വലതുപക്ഷ രാഷ്ട്രീയ ചേരികൾക്കെതിരിൽ ശക്തമായി നിലകൊണ്ട് യൂണിയൻ തെരഞ്ഞെടുപ്പിൽ ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ കൗൺസിലർ ആയി വിജയിച്ച അഫ്രീൻ ഫാത്തിമ സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് നജ്‌ദ റൈഹാൻ സമ്മേളന പ്രമേയം അവതരിപ്പിച്ചു. ക്യാമ്പസുകളിൽ പിന്നാക്ക - ന്യൂനപക്ഷ വിദ്യാർഥികൾ നേരിടുന്ന വിവേചനങ്ങളും വേട്ടയാടലുകളും അവസാനിപ്പിക്കാൻ രോഹിത് ആക്ട് രൂപപ്പെടുത്തി നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മദ്രാസ് ഐ.ഐ.ടി - യിൽ ഇസ്ലാമോഫോബിയയുടെ ഇരയായി ജീവനൊടുക്കേണ്ടി വന്ന ഫാത്തിമ ലത്തീഫിന് ഐക്യദാർഢ്യമർപ്പിച്ച് വേദിയിൽ അതിഥികൾ ബാനറുയർത്തി.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേന്ദ്ര കമ്മിറ്റിയംഗം വസീം ആർ.എസ്, ഹൈദരാബാദ് കേന്ദ്ര സർവകലാശാല സ്കൂൾ ബോർഡ് മെമ്പർ മുഹമ്മദ് ഫസീഹ്, കാസർഗോട് കേന്ദ്ര സർവകലാശാല അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ സെക്രട്ടറി ജെയിൻസി ജോൺ, ഹൈദരാബാദ് ഇഫ്ളു വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി സമർ അലി, പോണ്ടിച്ചേരി സർവകലാശാല ഗവേഷക വിദ്യാർഥി തബ്ശീർ ശർഖി, മദ്രാസ് ഐ.ഐ.ടി ഗവേഷക വിദ്യാർഥി നസീഫ് എം.കെ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറി സാന്ദ്ര എം.ജെ തുടങ്ങിയവർ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

സംസ്ഥാന പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എം ഷെഫ്രിൻ സ്വാഗതവും ജില്ലാ പ്രസിഡണ്ട് മുഫീദ് കൊച്ചി നന്ദിയും പറഞ്ഞു. കാമ്പസ് പോരാട്ടങ്ങൾക്ക് ദൃശ്യഭാവം നൽകി "ദി റസിസ്റ്റൻസ്" എന്ന ആവിഷ്കാരം വേദിയിൽ അരങ്ങേറി.

Tags:    
News Summary - Fraternity Movement Conference Kochi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.